hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2017, മാർച്ച് 20, തിങ്കളാഴ്‌ച

അനന്ദു - ഒരു സ്വപ്നാടനം

അനന്ദു - ഒരു സ്വപ്നാടനം അദ്യായം  ഒന്ന്  
അദ്യായം  രണ്ട്

          ഇനിയെന്തെന്ന ചോദ്യത്തിനു ഉത്തരമില്ലാതെ ഞാൻ പുറത്തേക്കിറങ്ങി. കവലയിലെ ബസ്സ് സ്റ്റോപ്പ് നിറഞ്ഞു നവാഗതർ. നേരത്തേ വീടെത്തീട്ട് മലമറിക്കാനില്ലാത്തതു കൊണ്ടു അടുത്തു കണ്ട പീടികത്തിണ്ണയിൽ  ചിന്താവിഷ്ഠനായി ഞാൻ. നവാഗത ഗതഭാഗ്യവാന്മാരുടെ കായിക ക്ഷമത പരിശോധിക്കുന്ന ഗൗരവത്തോടെ ഓരോ ആനവണ്ടിയും അവരെയിട്ടു ഓടിച്ചു. സ്റ്റോപ്പിൽ നിന്നു കൈ കാണിച്ചാൽ മീറ്ററുകൾക്കപ്പുറം ഓടിച്ചു പോയി നിർത്തുക, ഓടി അരികിലെത്തുമ്പോൾ കയറ്റാതെ പോവുക. ഇനിയിപ്പോ കയറാനുള്ള സ്ഥലം അവിടെയെങ്ങാനുമാണോ എന്നു സന്ദേഹിച്ച് അവിടെ നിന്നാൽ സ്റ്റോപ്പെത്തുംമുമ്പേ ബസ് നിർത്തുക, അവിടേക്കു തിരിച്ചോടി എത്തുമ്പോഴേക്കും കറുത്തപുക തുപ്പി മറഞ്ഞു പോകുക. ഈ അഭ്യാസത്തിനിടയിൽ ഓട്ടപ്പന്തയം ജയിച്ച ചിലർ ഓടിക്കയറി. ചാട്ടക്കാരിൽ ചിലർ ചാടിക്കയറിയും രക്ഷപ്പെട്ടു. കായികശേഷി കുറഞ്ഞ പാവങ്ങളും പെൺകിടാങ്ങളും ശരിക്കും പെട്ടുപോയി. ഒരു മണിക്കൂറിലധികം നീണ്ട ഒളിമ്പ്യാടിനൊടുവിൽ കാഴ്ചക്കാരനായ ഞാനും ചില നാട്ടുകാരും ബാക്കിയായി. 
          ഇനിയിതു വഴി ഉടനേയെങ്ങും ബസ്സില്ലെന്ന പീടികക്കാരന്റെ മുന്നറിയിപ്പ് തിണ്ണയിൽ ആഴ്ന്ന എന്റെ വേരറുത്തു. വരത്തനായ എന്റെ ഇരുപ്പ് പീടികയിൽ വരവു വച്ചിരിക്കുന്നു.
             "ഇപ്പോ ഒരുസർക്കുലർ അപ്പുറത്ത് വരും കേറിക്കോ, ചുറ്റിയടിച്ച് ബീച്ചും കണ്ട് ഒരു യാത്ര തരപ്പെടും" 
           എന്റെ മനസ്സയാൾ വായിച്ചു. സമയം കളയാൻ നല്ല വഴി, ഞാനുടനേ മറു വശത്തേക്കു ചാടി. സമപ്രായം തോന്നിച്ച രണ്ടു പേർ അവിടെനിൽപ്പുണ്ടായിരുന്നു. പുസ്തകമോ, സഞ്ചിയോ ഒന്നും കരുതാതിരുന്ന അവർ ചിലപ്പോ നാട്ടുകാരാവും ഞാൻ സംശയിച്ചു. ഒറ്റ നോട്ടത്തിൽ സഹോദരങ്ങളാണോ എന്ന ശങ്ക രണ്ടാമതൊന്നു നോക്കുമ്പോൾ മാറും. അപ്പോഴേക്കും ആരും കയറി സമയം കളയാനാഗ്രഹിക്കാത്ത ആനവണ്ടി ഞരങ്ങി വന്നെത്തി - നിറച്ചും ആളുമായി. പാപി പോയിടമെല്ലാം പാതാളം !
ദുർദശ പരമ്പരയായി ചുറ്റുവണ്ടിയും പണി തന്നു. നഗരംകാണാനിറങ്ങിയ ഉത്തരേന്ത്യൻ യാത്രക്കാർ ബീച്ചിലേക്കു പോവുകയാണ്. ലഗ്ഗേജ്ജകളും മനുഷ്യ ഭാണ്ഡങ്ങളും വീർപ്പുമുട്ടിയ അവസ്ഥയിൽ മുൻവാതിൽ പടിക്കെട്ടുകളിൽ തന്നെ നിൽപ്പുറപ്പിച്ചു. മുരണ്ട് മുരണ്ട് മന്നോട്ടു പോയ ബസ് വിമാനത്താവള മതിൽ കെട്ടിനരികിലേക്കു ഡ്രൈവർ ചേർത്തോടിച്ചു. ചക്ക കണ്ട ആനക്കൂട്ടം കണക്കെ ഹിന്ദി വാല മുഴുവൻ ബസ്സിന്റെ ഇടതു ജനാലയിലേക്കു മറിഞ്ഞു വീണു. ഉപ്പുരസക്കാറ്റേറ്റു വാതിൽപടിയിൽ മനപ്പായസമുണ്ട് നിന്ന എന്നെ സുനാമി പാച്ചിൽ അടിതെറ്റിച്ചു. താഴെപ്പടിയിൽ നിൽക്കുന്ന നാട്ടുകാരായ രണ്ടു പേരുടേയും കാലുകളിൽ ചവുട്ടി ഞാൻ മസ്സാജ് ചെയ്തു.
          "ഹാ ചവുട്ടാതടാ" തമിഴ്പ്പടവില്ലന്മാരെ പോലെ പല്ലിനു പകരം കമ്പി മാത്രം  നിറഞ്ഞ വാ തുറന്നൊരുത്തൻ ഗർജ്ജിച്ചു." ഷൂ കൊണ്ട് ചവിട്ടാതടാ"
              "ആരു ചവുട്ടി, നീയല്ലടാ എന്നെയിട്ട് ചവുട്ടുന്നത് "
ചുള്ളനും വിട്ടില്ല. കൊള്ളാല്ലോ കഥ! ഇനിപ്പോ കുറച്ചു നേരം പോകാനുളള വകയായി. ആകാശത്തു നിന്നും അപ്പോൾ മാത്രം അടർന്നുവീണവനായി ഞാൻ സാകൂതം നോക്കി നിന്നു. തുടർന്നു നടന്ന വാക്തിരതള്ളലുകൾ കേട്ടു അന്തം കമ്മിയായി ഞാൻ, ഇവർ നാട്ടുകാരല്ല എന്നു മാത്രമല്ല എന്നെപ്പോലെത്തെന്നെ ഭാഗ്യം പുറം കാലുതട്ടിയ രണ്ടു നവാഗതന്മാരെന്ന സത്യം എന്നെ ശശിയാക്കി.
ഒരാൾ ഇന്നാട്ടുകാരൻ തന്നെ-പല്ലുകെട്ടിയവൻ.  "നല്ല തിരോന്തരം പാശാ" എതിരാളിക്ക് ഒന്നും മനസ്സിലാക്കാനുള്ള സമയം പോലും കിട്ടീല.  പാവത്തിന്റെ നിസ്സഹായവസ്ഥ കണ്ട് ഞാനിടപ്പെട്ടു
"ഹാ വിട്ടുകള അനിയന്മാരെ, തിരക്കുള്ള ബസ്സൊക്കെയാവുമ്പം ചില തോണ്ടലും ചവിട്ടുമൊക്കെ സാധാരണമല്ലേ!"
ഒരിടപെടലിനായി കാത്തിരുന്നവർ സ്വിച്ചിട്ടപോലെ നിന്നു, ഒഴിവു വന്ന ഒരു സീറ്റ് പല്ലുകെട്ടുകാരാനു ഓഫർ ചെയ്ത് ദാനശീലനായ എന്നെ നന്ദി അറിയിച്ച് മറ്റയാൾ കൈനീട്ടി.
"താങ്ക്സ്"
" ഓ! സാരമില്ലാന്നേ" തെറ്റെന്റേതല്ലേ മനസ്സ് പറഞ്ഞു. കൈ കുലുക്കി പരിചയപ്പെട്ടു "അനന്ദു"
" ചാക്കോ വർഗ്ഗീസ്" പെൻസിൽ കോലു പോലുള്ള വിരലുകൾ സ്നേഹപൂർവ്വം തെരുപ്പിടിപ്പിച്ചവൻ പരിചയപ്പെട്ടു.
"എവിടാ സ്‌ഥലം ?" ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
"കാക്കനാട്"

"ഇവിടെങ്ങനെ എത്തിപ്പെട്ടു?

"ന്റെ ചേട്ടായി വിടുണ്ടേ. അഡ്മിഷനും വ്ടെ കിട്ടി."
"ചേട്ടായി എവിടാ താമസം "
" മുട്ടട"
"ന്നാ ശരി  ഇറങ്ങാം." സീറ്റിലിരുന്ന പല്ലുകെട്ടിയവനെ കാണുന്നില്ല, ഇടക്കെവിടെങ്ങിലും ഇറങ്ങിക്കാണും. ബസിനു പുറത്തിറങ്ങി ഞാൻ ഒരിക്കൽ കൂടി യാത്ര പറഞ്ഞു. "പോട്ടെന്നാ"
"സുഹൃത്തേ എനിക്കിവിടം വല്യ പരിചയമില്ല. വീട്ടിൽ പോയിട്ടും പ്രതേകിച്ചു പരിപാടി ഒന്നും ഇല്ല."
അതുശരി ഇവനും എന്റെ കണക്കാണല്ലോ, "കൂടുന്നോ ഒരു സിനിമ കാണാം." എന്റെ പ്ലാൻ ഞാനറിയിച്ചു
കണ്ടിട്ടു കാശൊക്കെ ഒള്ള വീട്ടീന്നാണ് തോന്നുന്നു, ഒത്താ  ഒരു ഓസ് ലോട്ടറി.
"പിന്നെന്താ ഞാനും വരാം"


അഭിപ്രായങ്ങളൊന്നുമില്ല:

Related Posts Plugin for WordPress, Blogger...