hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2010, ഡിസംബർ 17, വെള്ളിയാഴ്‌ച

യജമാനന്‍ ബാബു

“ടാ കുട്ടാ വീട്ടിലേക്ക് വാടാ....  ന്റെ ചക്കരല്ലേ.... വാടാ”
കരുണാര്‍ദ്ദമായ ശബ്ദം കേട്ട് ഞാന്‍ കടലാസും കണക്കുകൂട്ടി യന്ത്രവും മാറ്റിവച്ച് പുറത്തേക്ക് നോക്കി.
പക്ഷെ അവിടാരുമില്ലായിരുന്നു. തോന്നലാകും.... ആവാം. കണക്കുകളുടെ ലോകത്തേക്കു തന്നെ മടങ്ങാനൊരുങ്ങുമ്പോള്‍ വീണ്ടും ആ ശബ്ദം
“എടാ മോനേ! നീ പിണക്കം മതിയാക്കി വീട്ടിലേക്ക് വാ” സ്നേഹപൂര്‍വ്വവും എന്നാല്‍ ശാസനാരൂപേണയുള്ള ആ വിളി കേട്ട് ശരിക്കും ഞാന്‍ ഞെട്ടി. ‘ ആരാപ്പാ ത് എന്നെ ഇത്രയും കാരുണ്യാമയമായ് വിളിക്കുന്നത്. മാത്രവുമല്ല ഞാനാരോടാ പിണങ്ങിയത്. എനിക്കോര്‍മ്മയില്ല.
എനിക്കാകെ ഒരു പരവേശം പതിയെ സൈറ്റാഫീനു പുറത്തേക്കിറങ്ങി.
അവിടെ ആ ഗേറ്റിനു സമീപത്തായ് ഒരു തടിച്ചു കുറികിയ മനുഷ്യന്‍.  ഒട്ടകത്തിന്റെ ചിത്രമ്മുള്ള കൈയ്യില്ലാത്ത ഒരു ബനിയനും, കുടവയര്‍ കാരണം നെഞ്ചിനു താഴെവരെ ഉയര്‍ത്തികെട്ടിയ ലുങ്കിയും ധരിച്ച ആ മനുഷ്യന്‍ ആര്‍ദ്രത തുളുമ്പുന്ന കണ്ണുകളോടെ സൈറ്റാഫീസിലേക്കു നോക്കി വീണ്ടും യാചിച്ചു.
”എടാ ചക്കരേ പിണക്കം മതിയാക്കി നീ വീട്ടിലേക്കു വാ”
“ഇതേതു മാരണം കാലത്തു തന്നെ” എന്നും വിചാരിച്ചു എനിക്കു ശുണ്ഠി വന്നു. പക്ഷെ ആ മനുഷ്യനെ ഞാനറിയും. സൈറ്റാഫീസിരിക്കുന്ന കവലയില്‍ നിന്നും വലത്തോട്ടുള്ള റോഡില്‍ വലതു ഭാഗത്ത് നാലാമത്തേതോ മറ്റോ ആണ്  അയാളുടെ വീട്. ഒരു തമിഴ് നാട്ടുകാരനായ അരി കച്ചവടക്കാരന്‍. അയാളുടെ മൂന്ന് മക്കളും സ്ക്കൂളില്‍ എനിക്കു താഴെത്തെ ക്ലാസുകളില്‍ പഠിച്ചിരുന്നു. ആളെ തിരിച്ചറിഞ്ഞ ഞാന്‍ പതിയെ ചോദിച്ചു
“അണ്ണാച്ചി എന്തു പറ്റി?” (തമിഴ് നാട്ടുകാരായ ചേട്ടന്മാരെ അങ്ങനെയാണ് വിളിക്കാറ്)

മറുപടി ഒരു നെടുവീര്‍പ്പ് മാത്രം. അയാള്‍ നിരാശ നിറഞ്ഞ കണ്ണുകളുമായ് സൈറ്റാഫിസിലേക്ക് തന്നെ ഉറ്റു നോക്കി നില്‍പ്പാണ്. ഞാന്‍ എന്റെ ദൃഷ്ടി അവിടേക്ക് തിരിച്ചു. സൈറ്റാഫിസിന്റെ ഓല മറ കോണ്ടുള്ള ചുമരിനു താഴെ ആറ്റുമണല്‍ ഇറക്കിട്ടിരുന്ന ഭാഗത്ത് ഒരു ചെമ്പന്‍ നായ് നില്‍ക്കുന്നു.

വയര്‍ നന്നേ ഒട്ടി, ലേശം ക്ഷീണിതനായ നായ് അയ്യാളെ തന്നെ ഉറ്റുനോക്കുകയാണ്. ചെറിയ ചെവി ഉയര്‍ത്തിപ്പിടിച്ച് അയാള്‍ പറയുന്നത് കേട്ട്, തന്റെ യജമാന സ്നേഹം അത് വാലാട്ടി പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.
“ഇങ്ങ് വാടാ”  അയാള്‍ വീണ്ടും വിളിച്ചു “എത്രയോ തവണ നീ എന്നെ മാന്തുകയും കടിക്കുകയും ഒക്കെ ചെയ്തു, അതിനോന്നും ഞാന്‍ നിന്നെ ഒന്നും പറഞ്ഞിട്ടില്ലല്ലോ? ലച്ചു മോളെ നീ കടിച്ചിട്ടല്ലേ ഞാന്‍ നിന്നെ തല്ലിയത്? “

അപ്പോ അതാണു കാര്യം. നായാകാട്ടെ  തന്റെ വാലൊന്നുകൂടെ ശക്തിയായ് ആട്ടികൊണ്ടും ‘വരില്ല ഇനി ഞാന്‍‘ എന്ന ഭാവത്തോടെ തലയിളക്കി.

“ഇനിയും നീ വന്നില്ലെങ്കില്‍ ഞാന്‍ വിളിക്കുന്നില്ല. നിന്നെ എനിക്കു ഇനി കാണണ്ടാ!”
ഒടുവില്‍ നിരാശനായ അയാള്‍ അവിടം വിട്ടു പോയി. പോകുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇതെന്തു കഥ എന്ന് ഞാന്‍ മിഴിച്ചു നിന്നുപോയ്.

നഗരത്തിലെ ഒരു ഭാഷാ ന്യൂനപക്ഷ കൂട്ടായ്മക്ക് വേണ്ടി നഴ്സറി വിദ്യാലയത്തിന്റെ നിര്‍മ്മാണം നടക്കുന്ന ഈ സൈറ്റ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. കഴിഞ്ഞ മൂന്നു ദിവസമായ് പണി നടക്കാത്തതു കാരണം ഇങ്ങോട്ട് വന്നിരുന്നില്ല. പത്ത് നാല്‍പ്പതോളം സെന്റ് വരുന്ന് സ്ഥലത്തില്‍ ചുറ്റുമതിലിനോട് ചേര്‍ത്ത് ഓല കൊണ്ടുണ്ടാക്കിയതാണ് സൈറ്റാഫീസ്. സിമന്റും, മറ്റു പണിസാമാനങ്ങളും സൂക്ഷിക്കാന്‍ അടച്ചുപൂട്ടാവുന്ന് തരത്തില്‍ ഒരു ചെറിയ മുറിയും അതിനു മുന്നിലായ് വരാന്ത പോലൊരു ചായ്പ്പുമാണ് സൈറ്റാഫീസ്. പാതിരാ ഫര്‍ണ്ണീച്ചര്‍കാരുടെ ഒരു മേശയും രണ്ട് സ്റ്റൂളുമാണ് ആകെ അവിടെയുള്ള സൌകര്യങ്ങള്‍. ഇന്നും പതിവു പോലെ പണിക്കാര്‍ പറ്റിച്ചു, ഇക്കാലത്ത് പണിക്കാരെ കിട്ടാന്‍ വല്യ പ്രയാസമാണ്. രണ്ടു ദിവസം വന്നാല്‍ മൂന്നു ദിവസം വരില്ലാ.
“ഇന്നും പണീല്ലാല്ലേ സാറേ?”
ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി, ബാബു നില്‍ക്കുന്നു. ഇവിടത്തെ രാത്രികാവല്‍ക്കാരന്‍. പണിയില്ലെങ്കില്‍ പകലും ഇവിടെ കാണും. കൈയില്‍ ഒരു കവറും ഉണ്ടായിരുന്നു.
“ങാ! ബാബുവോ? ഇന്നും വന്നില്ല. ഇനിയിപ്പോ തിങ്കളാഴ്ച നോക്കിയാ മതി.”


ഞാന്‍ സൈറ്റാഫിസിനു പുറത്തിറങ്ങി, അപ്പോഴുണ്ട് ആ നായ് വാലാട്ടികൊണ്ട് ബാബുവിന്റെ കാലിനിടയില്‍ കൂടി നടക്കുന്നു.
“ഇതേതാ ബാബു ഈ പട്ടി?”
“അറിയില്ല സാറേ”

“ആ അരിക്കട അണ്ണാച്ചി വന്നു വിളിച്ചിട്ട് ഇതു പോകാതെ നിക്കയാണ്”

“ഇന്നലെ രാവിലെ ഞാനിവിടിരുന്നു ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോ കയറി വന്നു. ഞാനൊരു ദോശ ഇട്ടു കൊടുത്തു, അതും തിന്നിട്ട് ഇവിടെ തന്നെ കൂടിയതാ” ബാബു അതിന്റെ തലയില്‍ തലോടികൊണ്ട് പറഞ്ഞു. “രാത്രി ഒറ്റൊക്കിരിക്കുവല്ലേ, ഇതും ഇവിടെ കിടക്കട്ടെന്ന് ഞാനും വിചാരിച്ചു”
അയാള്‍ വന്നതും ആ നായ് പോകാത്തതും ഒക്കെ ഞാന്‍ ബാബുവിനോട് പറഞ്ഞു.
“ആ പാവം തല്ലുകൊണ്ട ദ്വേഷ്യത്തിനു വീട്ടിന്ന് ഇറങ്ങി പട്ടിണിയായിട്ട് വന്നു കേറീതാ. എന്തായലും നന്നായ് ബാബുന് ഒരു കൂട്ടും ആയി. അതിനു കൊടുക്കാനാണോ ഈ പൊതി?”

“ആണ്, മോഹനന്റെ തട്ടുകടയില്‍ ബീഫ് ചാറൊഴിച്ചു  രണ്ടു ദോശ വാങ്ങി“



സാമാന്യം നന്നായിട്ട് മദ്യപിക്കുന്ന കൂട്ടത്തിലാ ബാബു. ആ സൈറ്റിനു പുറകിലായ് തന്നെ ഉള്ള കോളനിയില്‍ തന്നെയാണ് താമസം.സ്ഥലത്തെ പ്രധാന ചുമട്ടു തൊഴിലാളിയായ ബാബു ചുമടെടുത്ത് നടന്നതു കൊണ്ടാണോ അതോ മറ്റുവല്ല കരണങ്ങളാലാണോ എന്ന് അറിയില്ല ആളൊരല്‍പ്പം കൂനിക്കൂടി ചോദ്യചിഹ്നംപ്പോലയാണ് നില്പും നടത്തവും ഒക്കെ.
 അവിടത്തെ ലോക്കല്‍ ആള്‍ക്കാര്‍ തന്നെയാവുമ്പോള്‍ വേറെ ആരും അവിടേക്ക് അധികം അടുക്കില്ല എന്ന ധാരണയില്‍ ബാബുവിനെ തന്നെ കാവല്‍ക്കരനാക്കി.കള്ളനെ തന്നെ താക്കോല്‍ ഏല്‍പ്പിക്കുന്നതു പോലൊരു ഏര്‍പ്പാട്.  ഇനിപ്പോ ബാബു അല്പം മിനുങ്ങീട്ട് കിടന്നാലും ഒരാളായല്ലോ! അല്പം ആശ്വാസത്തോടെ ഞാന്‍ അവിടിന്നും ഇറങ്ങി.

2010, ഡിസംബർ 8, ബുധനാഴ്‌ച

കുറ്റാണ്വേഷകന്റെ മരണം

തുടരുന്നു........ ഭാഗം മൂന്ന് ........
ഭാഗം രണ്ടിവിടെ
ഭാഗം ഒന്നിലേക്ക് 
ജലധോഷം,മൂക്കടപ്പ്,തുമ്മല്‍ ഇത്യാതി മഴജന്യ രോഹപീഡകള്‍ നിമിത്തം രൂപ പത്തഞ്ഞൂറ് പൊടിഞ്ഞുകിട്ടി.
ചാറ്റല്‍ മഴയത്ത് പമ്മി നിന്ന് തണുപ്പടിച്ചിട്ടാണ് മേല്‍ പ്രസ്താവിച്ച് മുദ്ദോഷങ്ങളും കൂടി എന്നെ ഒരു പരുവത്തിലാക്കിത്. എന്നിട്ടോ മാര്‍ജ്ജാരനെ ഒട്ടു പിടിച്ചതും ഇല്ല. ഒടുവില്‍ അവശതകളോട് തോറ്റ്, സെക്രട്ടറിയെ തന്നെ സമീപിക്കുവാന്‍ തീരുമാനിച്ചു.

“ട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്...................ടര്‍...ടര്‍...ട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്.....................”

നെഞ്ചത്തിരുന്നു മൊബല്‍ വിറച്ചു. “തേടിയ സെക്രട്ടറി മൊബലില്‍ വിറച്ചു“

“ഹല്ലോ! സാറിനെ അങ്ങോട്ട് വിളിക്കുവാനിരുന്നതാ. എന്താ സാറേ വിശേഷം?”

“ഒരു കല്യാണം ഉണ്ട്. വൈകിട്ട് ഉണ്ടാവണം”
എം ആര്‍ എ യുടെ ഭാഗമായതില്‍ പിന്നെ ചുരുങ്ങിയ കാലത്തിനുള്ളില്‍ എത്ര കല്യാണം കൂടീന്ന് ഒരും പിടിയും ഇല്ലാ. ഈ ഭാഗത്തുള്ളവരൊക്കെ ഇപ്പൊ കല്യാണങ്ങള്‍ വരി വരിയാ‍യ് നടത്തുന്നതുന്റെ ഗുട്ടന്‍സ് എത്ര ആലോജിച്ചിട്ടും പിടികിട്ടുന്നില്ലാ.
“അയ്യോ സറേ, ഞാന്‍ കുടുംബത്തോടൊപ്പം തമിഴ് നാട്ടിലാണല്ലോ.”(സത്യായിട്ടും തമിഴ് നാട്ടിലായിരുന്നു.)
“എന്നാ അങ്ങനെയായിക്കോട്ടെ” എന്നും പറഞ്ഞ്  കട്ട് ചെയ്യാന്‍ പോയി.
“ഹലോ ഹലോ വയ്കല്ലേ സാറേ. എനിക്കൊരു കാര്യം പറയാനുണ്ട്.”
“ ങാ! പറഞ്ഞോ പറഞ്ഞോ”
“ നമ്മടവിടെ തെരുവ് വിളക്ക് ആരോ രാത്രിയില്‍ സ്ഥിരമായ് അണക്കുന്നുണ്ട്. രാത്രി ഞാന്‍ ഒന്നു കറങ്ങി നോക്കി ആരേയും കിട്ടീല്ലാ. നമുക്കത് ആരാന്ന് കണ്ടുപിടിക്കണം”

“ആണോ? ആരാ?”
“ആരാന്ന് അറിയില്ല, കഴിഞ്ഞ ഒന്നു രണ്ട് ഞായറഴ്ചകളില്‍ ഈ ഭാഗത്തേക്കുള്ള ഫീസ് മാത്രം ഊരുന്നുണ്ട്.
“എന്നാ? ഞായറാഴ്ചയോ?”
“നല്ല മഴയുണ്ടായിരുന്ന ദിവസം”
“ങാ അത് ഞാനറിഞ്ഞു.”
എന്നിട്ടാണോ ഒന്നു അന്വേഷിക്കാതെ സെക്രട്ടറിമിണ്ടാതിരിക്കുന്നത്.

“എന്നിട്ടന്വേഷിച്ചോ സാറേ?”
“അതേ നമ്മുടെ രണ്ടാമത്തെ വളവില്‍ നില്‍ക്കുന്ന് പോസ്റ്റില്‍ മരക്കൊമ്പ് തട്ടി തീ പാറുന്നുണ്ടായിരുന്നു. അതാ അത് ഫുസ് ഊരി വച്ചത്”
ഇതു കേട്ടതും ഇടിവെട്ടിയവന്റെ തലയില്‍ ഷോക്കടിച്ച മാതിരിയായ് ഞാന്‍.
ഇത്തവണയും വൈദ്യുതികാര്യത്തില്‍ എന്റെ ഫ്യൂസ് കരിഞ്ഞു.

2010, ഡിസംബർ 1, ബുധനാഴ്‌ച

ഒരു കുറ്റാണ്വെഷകന്റെ ജനനം-ഒപ്പം മരണവും

ഭാഗം 2 കഥ തുടരുന്നു ഭാഗം ഒന്നിവിടെ...
           അങ്ങനെ ഞങ്ങള്‍ ഒത്തൊരുമിച്ചു മികച്ച് പ്രകട്നം കാഴ്ച വയ്കൂമെന്ന പ്രതിഞ്ജയൊടെ എല്ല മാസവും രണ്ടാം ശനിയാഴ്ച് ദിവസം ഒത്തു കൂടി ആ ‘ട്ടാ വട്ട‘ പ്രദേശത്തെ കാര്യങ്ങളും, അംഗങ്ങളുടെ പരിവേദനങ്ങളും കേട്ട് പരിഹരിച്ചും  സുന്ദര സുലഭിത ലോകം പടുത്തു മുന്നേറി.
എന്നും പുലര്‍കാലെ നാലുനാലരക്കുണര്‍ന്നു വച്ചുണ്ടാക്കി -(തെറ്റിദ്ധരിക്കണ്ട ഞാനല്ല എന്റെ നല്ല പാതി അവള്‍ തന്നെയാണ് പാചകം.) തണുത്ത കിണറ്റു വെള്ളം കോരി തലയിലേക്കൊഴിച്ച് കിടു കിടാന്നു വിറച്ചു കൊണ്ട് പരശു രാമനെ പിടിക്കാന്‍ ഓടുന്ന പണിയുണ്ടല്ലോ, ന്റെമ്മോ! ഭയങ്കരം അതിനിടയില്‍ ദിവസവും പാലു വങ്ങാന്‍  അര കിലോമീറ്റര്‍ അപ്പുറതുള്ള ചേച്ചീടെ കട വരെ നടന്നു പോകണം. ദൈവത്തിന്റെ സ്വന്തം നാടിന്റെ തലസ്ഥാനത്തില്‍ നഗരാതിത്രിയുടെ തോളത്ത് ആയിരുന്നിട്ടും ഒരു കുഗ്രാമത്തിലെന്ന വണ്ണം കൂരിരുട്ടിലാണ് ഈ നടത്തം. ഇട റോഡില്‍ നിന്നും പ്രധാന വഴിയിലേക്കെത്തുമ്പോല്‍ തന്നെ കാവല്‍ക്കാരായ ശ്വാനന്മാര്‍ മണത്തു വരും. കൂരിരുട്ടും വെളുപ്പിനുള്ള തണുപ്പിന്റെ സുഖവും അവരങ്ങനെ അനുഭവിച്ചു നില്‍ക്കുമ്പോ ആരടാ അത്  ഞങ്ങളുടെ സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന മട്ടില്‍ ഒരു തുറിച്ചു നോട്ടം. അതു കൊണ്ട് ആദ്യമൊക്കെ ബൈക്കിലാണ് പോയിരുന്നത്, അവറ്റകള്‍ അത്ര കുഴ്പ്പക്കാരല്ലന്ന് എനിക്കും, ഞാന്‍ കുഴപ്പക്കാരനല്ലന്നു അവര്‍ക്കും മനസ്സിലായതു കൊണ്ടും പിന്നെയും നടപ്പ് തുടങ്ങി. ഈ കൂരിരുട്ടിന്റെ പ്രശ്നം ‘ എം ആര്‍ യെ‘ കൊണ്ട് പരിഹരിക്കണം എന്നു എന്നും കാലത്തു പോകുമ്പോള്‍ വിചാരിക്കും.പക്ഷെ പരശു രാമനെ പിടിക്കാനുള്ള ഓട്ടവും, ആയിരത്തഞ്ഞൂര്‍ പിള്ളാരും നൂറോളം സഹപ്രവര്‍ത്തകരും ഉള്ള  കാമ്പസിലെ കലപിലയൊക്കെ കഴിഞ്ഞു വീണ്ടും പരശുരാമനെ പിടിച്ച് വീടെത്തുമ്പോള്‍ ദീപാവലി നാളില്‍ കത്തിച്ചു വച്ച കമ്പിത്തിരി പോലെ ഒരു പകലു കൂടെ ഒടുങ്ങിയിട്ടുണ്ടാവും.


 കമ്മറ്റികളിലൊന്നും സജീവമല്ലാത്ത ഞാന്‍ ഇതൊരു ഭയങ്ങര വിഷയമായ് അവതരിപ്പിക്കാന്‍ പ്ലാ‍ന്‍ ചെയ്തു. അടുത്ത രണ്ടാം ശനിയാഴ്ച്കക്ക് കൃത്യമായ് ഹാജര്‍ വച്ചു.കമ്മറ്റി ആരംഭിച്ചു, പിരിവു കണക്കൊക്കെ നോക്കിക്കഴിഞ്ഞാണ് പൊതുകാര്യങ്ങള്‍, ഞാന്‍ പരീക്ഷാര്‍ത്ഥിയെപ്പോലെ എല്ലാം ഒന്നൂടെ മനസില്‍ പറഞ്ഞു ശരിയാക്കി. അപ്പോഴുണ്ട് സെക്രട്ടറി ഒരു കടലാസ് കാണിച്ച് പറഞ്ഞു
“ബോര്‍ഡില്‍ കൊടുക്കാനുള്ള കത്ത് റെഡിയായ്. അത് നാളെത്തന്നെ വിജയന്‍ കൊടുക്കണം”


കഴിഞ്ഞ കമ്മറ്റികളില്‍ മുങ്ങിയ എനിക്കതു പാമ്പ്  മുക്കാലും വിഴുങ്ങി വാല്‍ മാത്രം പുറത്തു കണുന്ന ഇരയെ പോലെ തോന്നി. പതിയെ ആ കടലാസ് വാങ്ങി നോക്കുമ്പോള്‍, ഒരായിരം വോള്‍ട്ട് വൈദ്യുതി എന്റെ തലയില്‍ കൂടി പോയ്. ഒരു തകര്‍പ്പന്‍ പ്രകടനം നടത്താമെന്നു കരുതി തലയില്‍ കേറ്റി കൊണ്ടു വന്ന തെരുവു വിളക്കു പ്രശ്നം ആ കടലാസില്‍ നീല മഷി പുരണ്ടു ദാ കിടക്കുന്നു. അങ്ങനെ ഇടിവെട്ടി തലപുകഞ്ഞ കാര്‍ട്ടൂണ്‍ കഥാപാത്രം കണക്കെ അന്നു മുഴുവന്‍ അവിടിരിക്കേണ്ടി വന്നു.




പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. പരാതി കൊടുത്ത് ഒരാഴ്ചകഴിയും മുമ്പേ ആ അന്ധകാര വീഥികളെല്ലാം തൂവെള്ള പ്രകാശം വിതറി ചിരിതൂകി നിന്നു.പക്ഷെ താനേ വീഴുമായിരുന്ന തേങ്ങാ തോട്ടി വച്ച് തലയിലോട്ട് ഇട്ട മാതിരി ജനാല വഴിക്ക് പ്രകാശം എന്റേയും കുടുംബത്തിന്റേയും ഉറക്കം കെടുത്തി. മൂന്ന് മീറ്റര്‍ കറുത്ത തുണി വാങ്ങി ജനലിനു മറ ഉണ്ടാക്കേണ്ടി വന്നു ഉറക്കം ശരിയാവാന്‍.
പക്ഷെ ഈയിടെയായ്  കാലത്തിറങ്ങുമ്പോള്‍ കനത്ത് ഇരുട്ട്, വഴിവിളക്കുകള്‍ കണ്ണടച്ചിരുന്നുറങ്ങുന്നു. ഞങ്ങള്‍ വിജകരമായ് പരിഹരിച്ച ഒരു കാര്യമായിരുന്നു കത്താതെ കിടന്നിരുന്ന തെരുവു വിളക്കുകള്‍ മാറ്റി സ്ഥപിച്ചത്. അതാ ഇപ്പോ കത്താതെ കിടക്കുന്നത്, “ങാ ഹാ! അങ്ങനെയങ്ങ് വിടാന്‍ പറ്റത്തില്ലല്ലോ, വരട്ടെ സെക്രട്ടറിയെ അറിയിക്കണം.“ എന്നു കണക്കുകൂട്ടി അന്നത്തെ തിരക്കുകളില്‍ മുങ്ങിയ ഞാന്‍ ഇക്കാര്യം മറന്നും പോയ്. അടുത്ത മൂന്നുനാല് ദിവസങ്ങളിലും ലൈറ്റുകള്‍ കത്തിക്കിടന്നതു കാരണം ആ വിഷയം തന്നെ ഏതാണ്ട് മറന്നിരിക്കുമ്പോള്‍ ഇതാ വീണ്ടും ഒരു ഞായറാഴ്ച രാത്രി, പിന്നെയും ഒരു ഞായറാഴ്ച ഇതെന്താപ്പാ ഞായറാഴ്ചപ്പനിയോ?
എന്നിലെ കുറ്റാണ്വേഷകന്‍ ഉണര്‍ന്നു! നിരീക്ഷണം രണ്ട് ദിനങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഒരു കാര്യം കൂടി മനസ്സിലായ്, ഞായര്‍ മാത്രമല്ലാ നല്ല മഴയുള്ള അവധി ദിവസങ്ങളും ഇതുതന്നെ സ്ഥിതി. അപ്പോള്‍ അവധി ദിവസം ഇനി ഇ ബി ക്കാര് വരാത്തതാണോ? അല്ല മറ്റു ഭാഗത്തൊക്കെ കുഴപ്പമില്ലല്ലോ. അവര്‍ കൃത്യമായ് ഫ്യൂസ് കുത്തുന്നുണ്ട്. പക്ഷെ രാത്രി പത്ത് പതിനൊന്നു മണിയാകുമ്പോഴാണ് ഇവറ്റകളുടെ കണ്ണടയുന്നത്. അപ്പോ പിന്നെ ആരുടെയോ കറുത്ത കരസ്പര്‍ശം ഉറപ്പായിട്ടും ഇതിനു പിന്നില്‍ ഉണ്ടാകും. എന്റെ ചിന്തകള്‍ ഇരുട്ടിന്റെ കാണാവഴികളില്‍ കൂടി കാടുകയറിത്തുടങ്ങി. ഇതാരോ എന്നെപ്പോലെ തുണിവാങ്ങാന്‍ ത്രാണിയില്ലാത്തതു കൊണ്ട് പറ്റിക്കുന്ന ഏര്‍പ്പാടാവും.
അങ്ങനെയെങ്കില്‍ എല്ലാ ദിവസവും വേണമല്ലോ? അതുണ്ടാകുന്നില്ല, അപ്പോള്‍ അതെ കിട്ടിപ്പോയ്! ഇതാരൊ വേലി ചാടുന്നുണ്ട്. അതിനു സൌകര്യത്തിനായാണ് ലൈറ്റുകളെ കണ്ണടപ്പിക്കുന്ന ഈ ഏര്‍പ്പാട്.
ഏന്നാപ്പിന്നെ അവനെ പിടിച്ചിട്ടു തന്നെ ബാക്കി കര്യം. ബാലരമയിലെ ജംബനെപ്പോലെ “തുമ്പാ! ജംബ്” എന്നു പറയാന്‍ തുമ്പനില്ലാത്തത് കൊണ്ട് ഒറ്റക്ക് രാത്രി ബൈക്കുമെടുത്ത് മറ്റൊരു വിളക്കുകാലായ് ഞാന്‍ കാ‍ത്തിരുന്നു.
എന്നിട്ടെന്തായീന്നറിയോ...............
























ഒരല്‍പ്പം കൂടെ കാത്തിരിക്കു, ദയവായ്..........
ബോറഡിപ്പിക്കാന്‍ ഞാന്‍ വേഗം വരാം മൂന്നാം ഭാഗവുമായ്...............

2010, നവംബർ 23, ചൊവ്വാഴ്ച

ജീര്‍ണ്ണത !!!

“അനന്ദൂ...അനന്ദൂ..... “
ആരോ വിളിക്കുന്നല്ലോ “ആരാത്?”

“ഇല്ലാ. ഇവിടാരും ഇല്ലല്ലോ!   ചിലപ്പോ തോന്നിയതാവും, ആവാം”
“അല്ലാ! ഞാനെന്തെടുക്കയാണിവിടെ?”
എപ്പോള്‍ വന്നിവിടെ? അറിയില്ലാ! ഈ കസാരയില്‍ ഇരുപ്പായിട്ട് എത്ര സമയമായ് കാണും. ഒരു പിടിത്തവും ഇല്ലല്ലോ. ഇവിടെന്താ ഒരു ഇളുമ്പു നാറ്റം, ഈ മുറിയാകെ നാറുന്നല്ലോ? അല്ലല്ല അതെന്നില്‍ നിന്നാണല്ലോ വരുന്നത്. അപ്പോള്‍ കുറേ നാളായോ ഈ ഇരുപ്പു തുടങ്ങീട്ട്! വിശ്വാസം വരുന്നില്ല്ലാ.

ആകെ ഒരു മുഷിച്ചല്‍, ഒരു ജീര്‍ണ്ണത! ഞാനിങ്ങനെ അല്ലല്ലോ? ഒന്നെണീറ്റ് പുറത്തിറങ്ങാം.
‘ങേ’ എന്തായിതു എണീല്‍ക്കാനാവുന്നില്ലല്ലോ?   പൃഷ്ഠം പശ തേച്ചൊട്ടിച്ചതു പോലുണ്ട്. കൈകള്‍ അനക്കുവാന്‍ കഴിയുന്നില്ലാ, അല്ലാ അതാരോ കസാലക്കൈയ്യുമായ് ചേര്‍ത്തു ബന്ധിച്ചിരിക്കുയാണല്ലോ.
    “ആരാത്, എന്തിനാണിങ്ങനെന്നെ.....”

“അനന്ദൂ....”
ആ ശബ്ദം വീണ്ടും

“അനന്ദു നീ എന്നെ മറന്നു അല്ലേ?”
പരിചിതമായ ഈ ശബ്ദം ആരുടേതാണ്, തിരിച്ചറിയാനകുന്നില്ല. ഓര്‍മ്മകള്‍ നശിച്ചിരിക്കുന്നു.
ഒരു കരസ്പര്‍ശം... എന്തോ ഇഴയുന്നു തോളിലൂടെ താഴേക്ക്, പക്ഷെ ഒന്നും കാണുന്നില്ലല്ലോ. നാശം ഈ കൈകള്‍ വിടുവിക്കാനായിരുന്നെങ്കില്‍ തട്ടിയെറിയാമായിരുന്നു ആ മാരണത്തെ.

ചെവിക്കു പിന്നില്‍ ഒരു ചുടു നിശ്വാസം... പൊള്ളുന്നുണ്ട്. തിരിഞ്ഞു നോക്കാനാ‍വുന്നില്ലാ. തലയാകെ ഒരു മരവിപ്പ്, കഴുത്തിലൂടെ താഴേക്കരിച്ചിറങ്ങുന്നു
“അയ്യോ! എന്നെ വിടു.. എന്നെ വിടു.........”
എന്റെ കഴുത്ത് ഞെരുക്കുന്നല്ലോ
“എന്നെ വിടൂ .. എന്നെ കൊല്ലരു...തേ.........”

ഈ മണം അത്... അതേ അതവളുടേതു തന്നെ, ആ ശബ്ദം അത് അര്‍ച്ചനയല്ലേ!

“ആര്‍ച്ചു.. എന്റെ ആര്‍ച്ചൂട്ടീ......”

“അനന്ദേട്ടാ... എന്തായിതു പിച്ചും പേയും പറയുന്നത്, എണീക്ക്, ആരായീ അര്‍ച്ചന. യേട്ടനെന്താപറ്റിയേ?”

*******************************************************************************

2010, നവംബർ 12, വെള്ളിയാഴ്‌ച

ഞാന്‍ ഒരു ഭാരവാഹിയായ കഥ

പ്രകൃതി അനുഗ്രഹിച്ചൊരു നാടൊന്നും അല്ലെങ്കിലും ഗ്രാമത്തിന്റെതായ സൌന്ദര്യത്തിനു ഒട്ടും തന്നെ കുറവില്ലാത്ത  നാടാണ്  ഇപ്പോള്‍ ഞാന്‍ കുടിയേറി പാര്‍ക്കുന്ന കല്ലിയൂര്‍ എന്ന ഗ്രാമ പഞ്ചായത്ത്. നഗരാതിത്രിക്കടുത്തു പച്ചപ്പ്‌ മായാത്ത, നെയ്യാറിന്റെ ചാനല്‍  ഞരമ്പുകള്‍ ജലവാഹികളായ് തലങ്ങും വിലങ്ങും ഒഴുകുന്ന ഒരു ഇടത്തരം ഗ്രാമം. തിരുവനന്തപുരം നഗരത്തിനും ചുറ്റുമുള്ള പ്രദേശങ്ങള്‍ക്കും ദാഹജലം നല്‍കുന്ന വെള്ളായണി കായല്‍ അതിരായിട്ടുള്ള ഗ്രാമം. നഗരത്തിന്റെതായ എടുപ്പുകള്‍ ഇപ്പോള്‍ ഉണ്ടായ് വരുന്നതെ ഉള്ളു. കവലയില്‍ നിന്നും അധികം ദൂരമില്ല പഞ്ചായത്ത്  ആഫീസിനു. അവിടെന്നും പിന്നെ ചില കാല്‍പ്പാടുകള്‍  നടന്നാല്‍ ഒരു ഇട റോഡുണ്ട്, ആ വഴി ഇത്തിരി കൂടെ വരുമ്പോളുള്ള ഇറക്കം, അതിനു ഏതാണ്ട് മദ്ധ്യം ഇടതു വശത്തായ് എന്റെ  കുഞ്ഞു ഭവനം കാണാം.
നഗരത്തില്‍ തൊട്ടയല്‍ വാസിയേപ്പൊലും അറിഞ്ഞു കൂടാതെ ജീവിച്ചു വന്ന എനിക്കു അയല്‍ക്കാര്‍ നല്ല വരവേല്‍പ്പാണു നല്‍കിയത്. പുതിയ താ‍മസക്കാര്‍- ഒരു സുന്ദരന്‍ യുവാവും അതിനൊത്ത സൌന്ദര്യം  ഇല്ലെങ്കിലും (അവളിതു വായിക്കില്ലാ എന്ന ഉറപ്പെനിക്കുണ്ട്) സുന്ദരിയായ  ഭാര്യയും രണ്ട് വയസുകാരനും അടങ്ങിയ കുടുംബം വന്ന വിവരം ആ പരിസരത്തൊക്കെ അറിഞ്ഞുകഴിഞ്ഞിരുന്നു, (അതുകൊണ്ടെനിക്കു അധികം പബ്ലിസിറി ഒന്നും കൊടുക്കേണ്ടി  വന്നില്ല)  ഈ വിവരം എനിക്കു മനസിലായതു ഒരു മാസത്തെ പൊറുതി കഴിഞ്ഞപ്പൊഴാണ്.
നഗരത്തിന്റെ ചിഹ്നങ്ങളില്‍ ഒന്നായ റെസിഡന്‍സ് അസ്സോസിയേഷന്‍ ഏര്‍പ്പാട് ഇവിടേയും ഉണ്ടായിരുന്നു. എം ആര്‍ എ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന "മഹാത്മാ റെസിഡന്‍സ്  അസോസിയേഷന്‍ " നിര്‍ഭാഗ്യം കൊണ്ട് അതിന്റെ വാര്‍ഷിക സമ്മേളന കാലത്താണ് നമ്മുടെ പ്രവേശനം!
അഹങ്കാരം ഒട്ടും കൂടതെ പറയട്ടെ   സര്‍ക്കാര്‍ ജീവനക്കരനും അതുതന്നെ ഒരു  എഞ്ചിനീറിംഗ് കോളേജ് അദ്ധ്യാപകനുമായ - (അതിപ്പൊഴും തീര്‍ച്ച്പ്പെട്ടിട്ടില്ല എങ്കിലും വെക്കേഷന്‍ എന്ന പണിയില്ലാക്കാലം അനുഭവിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് അങ്ങനെ ആണെന്നാണു വെയ്പ്പ്. ) എന്നെ അവര്‍ സഹര്‍ഷം സ്വാഗതം ചെയ്തു. സിറ്റിക്കുള്ളിലെ ചാല കമ്പോളത്തില്‍ ഒരു കോണില്‍ തീപ്പെട്ടി കൂടുപോലുള്ള മാളത്തില്‍ ഒളിച്ചു കഴിഞ്ഞിരുന്ന എനിക്കു ഈ ക്ഷണം ഒരു അംഗീകാരമായാണ് തോന്നിയത്, അതു കൊണ്ട് തന്നെ തീര്‍ച്ചയായും പങ്കെടുക്കണമെന്നു തീരുന്മനിച്ചു.
റിട്ടേഡ് അദ്ധ്യാപകനും എഴുത്തുക്കാരനും ഒഴിവു ജീവിതം ഒറ്റക്ക് ആസ്വദിക്കുന്ന ഫ്രൊ.ശ്രീകണ്ഠന്‍ നായര്‍ അദ്ധ്യക്ഷനായ ആ സദസ്സില്‍ രണ്ട് നാരികളടക്കം പത്തു പതിനഞ്ചു പേരൂടെ ഉണ്ടായിരുന്നു.
ഞാന്‍ ഊഹിച്ചതു പോലെ അവര്‍ ആളില്ലാ കൂട്ടം  അല്ലാ എന്നെനിക്കു ബോദ്ധ്യപ്പെട്ടു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ നിലവിലെ  പ്രെസിഡെന്റ്  തുടരണമെന്ന ഐക്യകണ്ഠേനയുള്ള തീരുമാനം വയോദിഹനായ അദ്ദേഹത്തിന്റെ തടസ്സ വാദങ്ങളെ ബാഷ്പമാക്കി കളഞ്ഞു. തുടര്‍ന്നു ബാക്കി സ്ഥാനങ്ങള്‍ ഓരോര്‍ത്തര്‍ക്കും വീതം വച്ചപ്പൊള്‍ ഞന്‍ പൊലും അറിയാതെ അതിന്റെ ഭാഗമാകേണ്ടി വന്നു. “രോഹി ഇച്ഛിച്ചതും ഭാരവാഹിത്വം വൈദ്യര്‍ കല്പിച്ചതും ഭരവാഹിത്വം‍“ ഉള്ളില്‍ ഒളിപ്പിച്ച കള്ളച്ചിരിയോടെ ഇത്ര പെട്ടെന്നു കാര്യം നടന്ന സന്തോഷം പുറമെ കാണിക്കാതെ, അവരുടെ സ്നേഹപൂര്‍വമാ‍യ നിര്‍ബന്ധത്തിനു വഴങ്ങുന്നതു പോലെ ഞാന്‍ റാന്‍ മൂളി. അങ്ങനെ ഞാന്‍ ഒരു ഭാരവാഹിയും ആയി.




 എന്തിനാ ഈ പുരാണം പറച്ചില്‍ എന്നാണോ സംശയം? പറയാം. എനിക്കു പറ്റിയ ഒരു അമളിയുടെ കഥ പറയാം................
(തുടരും..............)

2010, നവംബർ 3, ബുധനാഴ്‌ച

എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........

പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........

ചെമ്മണ്ണ് കുഴച്ചൊരു കൊട്ടാരം  
ഭൂമി തന്‍ പച്ചപ്പ്‌ മേല്‍  നിണം
തേച്ചൊരു കുഞ്ഞു പര്‍വതം!

പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........


അതിന്‍ ഗര്‍ഭത്തിനുള്ളില്‍ -
കുളിര്‍മ..സൂര്യ താപത്തിനു തട!-
പകല്‍ മാന്യന്‍...
ഉഷ്ണം..വാനിന്‍ കണ്ണീരിനും തട!-
തസ്കരന്‍ ...
വെളിച്ചം..കണ്ണടച്ചിരുട്ടാക്കി!
അഴിമതി...
ഇരുട്ട്..കണ്ണ് തുറന്നപ്പോള്‍
എന്നെ കാണ്മാനില്ല!
സ്വാര്‍ത്ഥന്‍!

ആരാണ് ഞാന്‍............?



പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........
ഒച്ചയും ഇല്ല അനക്കങ്ങളും ഇല്ലാതെ
കാറ്റും വെളിച്ചവും ഇല്ലാതെ
കൂട്ടും കുപ്പായവുമില്ലാതെ
പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........


പലവിധം ..........

 ഒന്നാമന്‍-ഉരഗ ജീവി
കാലില്ല, കയ്യുമില്ല ഭൂമിയിലിഴയും 
പക്ഷെ, സര്‍പ്പം വിഷലിബ്ധം!
കൊലക്ക് ത്രാണിയുണ്ടെങ്കിലും
പ്രാണനും കൊണ്ട് ഓടുന്നു!
എങ്കില്‍ ഞാന്‍ വിഷകാരിയായൊരു ഭീരുവോ......?

രണ്ടാമന്‍- വെറും ചിതലുകള്‍
അവറ്റകള്‍ എല്ലാം ജീര്‍ണിപ്പിക്കും.
മണ്ണോടു മണ്ണായ് അടിഞ്ഞിടും
ബാക്കിയേതും വച്ചേക്കില്ലെങ്കിലും 
പാവം വെറും ഒരു കീടം!
അപ്പോള്‍ ഞാന്‍ വെറും കൃമി മാത്രമോ.........?

മൂന്നാമന്‍-കുഞ്ഞനുരുംപുകള്‍
വരി വരിയായ് നിരനിരയായ്
അനുസരണയോടെ, ഒരു-
മഴ വന്നാല്‍ ഒലിച്ചുപോകും
കാറ്റടിച്ചാലോ പറന്നു പോകും
അന്നം മാത്രം തേടി അലയും  സാധുക്കള്‍
യഥാര്‍ത്ഥത്തില്‍ ഇത് ഞാന്‍ തന്നയല്ലേ..............?
അറിയില്ല...........

പുറ്റുകള്‍ ചിതല്‍ പുറ്റുകള്‍
എനിക്ക് ചുറ്റും ചിതല്‍ പുറ്റുകള്‍ .........
 

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

തിരഞ്ഞെടുപ്പും ബാല്യ കാല സ്മൃതികളും

 ഓര്‍മ്മകള്‍ നശിച്ചു പോകുന്നവയാണ് ,പലപ്പോഴായിട്ടെങ്കിലും അവ തിരിച്ചു വരും, ഒരു നൊസ്റ്റാള്‍ജിയ എന്നൊക്കെ പറയും പോലെ. ഈ തിരഞ്ഞെടുപ്പ് കാലത്ത് ചില ബാല്യ കാല  ഓര്‍മ്മകള്‍ എന്നെ തേടിയെത്തി.രാഷ്ട്രീയമോ തിരഞ്ഞെടുപ്പോ എന്തെന്നുപോലും അറിഞ്ഞുകൂടാത്ത കൊച്ചുപ്രായം. തിരഞ്ഞെടുപ്പ് വേളകള്‍ ഏതോ ഉത്സവകാലം പോലെ എന്തോ ഒന്നാണെന്ന് ധരിച്ചു ഓടിനടന്ന കാലം. വള്ളി നിക്കര്‍ ഒക്കെ ഇട്ടു, മൂക്കും ഒലിപ്പിച്ച് കലപില കൂട്ടി നടന്ന പ്രായം.
അന്നൊക്കെ കാറുള്ളവര്‍ വളരെ കുറവാ. ഇന്നെത്തെ പോലെ എല്ലാവര്ക്കും കാര്‍ എപ്പോള്‍ വേണമെമ്കിലും കാര്‍ ഒന്നും ഇല്ല. തിരഞ്ഞെടുപ്പ് കാലമാണ് കാര്‍ ഇഷ്ടം പോലെ കാണാന്‍ അവസരം കിട്ടുക. പയഴ അംബാസിഡര്‍ കാര്‍ വലിയ കോളാമ്പി ഒക്കെ വച്ചു കെട്ടി, വിളിച്ചു പറഞ്ഞു കൊണ്ട് പോകും. സ്പീഡ് വളരെ കുറച്ചു, നോട്ടീസ് ഒക്കെ വാരി വിതറി - നഗര പ്രദേശ മായാത് കൊണ്ട് സിനിമയിലൊക്കെ പോലെ പൊടി പറത്തി പോകാന്‍ പറ്റാതെ- പോകുന്ന കാഴ്ച.
ഞങ്ങള്‍ കുറെ പൊടി പിള്ളേര്‍ കൂകി വിളിച്ചു കാറിന്റെ പുറകെ കൂടും.വികൃതിക്കാരായ ഞാനും  ചിലരും ഓടികൊണ്ടിരിക്കുന്ന കാറിന്റെ പുറകിലുള്ള സ്റ്റീല്‍ ബംബരില്‍ കേറിയിരിക്കും. ഡിക്കിക്ക് വശത്ത് പറ്റിപിടിച്ചു, ബംബരില്‍ ഇരുന്നു കൊണ്ട് യാത്ര ചെയ്യും. കാറിനകത്ത്‌ കേറാനുള്ള മോഹം ഇങ്ങനെ അങ്ങ് ചുരുക്കും. ഇന്ന് അതാലോചിക്കുമ്പോള്‍ ഒരു ഉള്‍ കിടുക്കം, ഊര്‍ന്നു താഴെ വീണു പോയെങ്കില്‍ ! പിന്നെ തിരഞ്ഞെടുപ്പോക്കെ കഴിഞ്ഞു വിജയം ആഹോഷിക്കുംപോള്‍ അതിനെക്കാള്‍ ഒന്നൂടെ ആര്ത്തട്ടഹസിക്കും. ആരാ ജയിച്ചത് ആരാ തോറ്റത് എന്നൊന്നും അറിയില്ലന്കിലും ആഹോഷിക്കും. അപ്പോഴത്തെ പ്രിയപ്പെട്ട മുത്രാവാക്യം " പെട്ടി പെട്ടി ശിങ്കാര പെട്ടി, പെട്ടി തുറന്നപ്പോ .................. പൊട്ടി". എന്താണപ്പാ ഈ പെട്ടി?  അറിയത്തില്ലെങ്കിലും ഉറക്കെ ഉറക്കെ വിളിച്ചു കൂവും.

2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

മഴ മഴ !!!!



മഴയുടെ താണ്ടവം ഒട്ടും ശമിക്കുന്നില്ല.തുടങ്ങിട്ട് രണ്ടാഴ്ച ആകുന്നു. തുലാവര്‍ഷം വരാന്‍ കാത്തിരിക്കുമ്പോള്‍ ഈ ന്യുന മര്‍ദം നമ്മെ ഒരുപാടു വെള്ളം കുടിപ്പിക്കുന്നുണ്ട്.കേരളം ആകെ മഴയത്ത് നനഞ്ഞു കുളിച്ചു.പലേടത്തും വന്‍ നാശനഷ്ടങ്ങള്‍,ജീവ ഹാനി. പ്രകൃതിക്ക് ഹാലിളകിയതു പോലുണ്ട്.ചില മഴ കെടുതി കാഴ്ചകള്‍ ഇതാ!

2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

ഓ എന്‍ വി കുറുപ്പ് -ജ്ഞാനപീഠം

മലയാള കാവ്യ സാമ്രാജ്യത്തിന്റെ കുലപതി, കാവ്യാ  ഹൃദയങ്ങളുടെ  തെളിദീപം, മലയാള ഭൂമിയാകും അമ്മ തന്‍ പ്രിയ കവി ഓ എന്‍ വി കുറിപ്പിന് ഹൃദയം തുളുമ്പിയ അക്ഷര പ്രണാമങ്ങള്‍ !!!! 
ഇന്ന് കാലത്ത് തുടങ്ങിയതാ മഴ. മഴെന്നു വച്ചാ ഇതുപോലൊരു മഴ പെയ്തിട്ടു ഇച്ചിരി നാളായ്. ഉപഭൂഹണ്ടം മുഴുവനും തകര്‍ത്തു പെയ്തു അങ്ങ് തലസ്ഥാനത്ത് വറ്റിപോയ യമുനാ നദി പോലും കരകവിഞ്ഞ് ഒഴുകി   തുടങ്ങിട്ട് നാളുകുറെയായി എങ്കിലും ഇങ്ങു തെക്ക് ഇന്നെതെത് പോലൊരെണ്ണം ഇന്ന് മാത്രം. ഏഴര വെളുപ്പിനെ തൊടങ്ങിയതാ, മാനത്തെ നക്ഷത്രങ്ങള്‍ ഒന്നടങ്കം പൊഴിഞ്ഞു വീഴും പോലെ. എപ്പോഴോ ചെയ്യ്ത പുണ്യം(അതോ കുട കടം തന്ന ടീച്ചറിന്റെ ദയ  കൊണ്ടോ?) നനയാണ്ട് കലാലയം വന്നെത്തി.
ദിവസവും ഒരു പത്ത് മുപ്പതു ഡിഗ്രി ഒക്കെ കത്തിതീരുന്ന ആ പഹയന്‍ സൂര്യദേവന്‍, വരുണന്റെ ഈ പേക്കോലം കണ്ടു  ഓടി ഒളിച്ചു,  പിന്നങ്ങോട്ട്  കറുത്തിരുണ്ട് ഒന്നും കാണാന്‍ പോലും പറ്റാതായി.പുറത്ത് ചിന്നം പിന്നം പെയ്യുന്ന മഴ. ഇതെഴുതുമ്പോള്‍ സമയം12.30pm പക്ഷെ പുലര്‍കാലത്ത്‌ ഒരു  അഞ്ചു അഞ്ചര ആണെന്നെ തോന്നു.

(ഇത് കഴിഞ്ഞ വെള്ളിഴായ്ച്ച  എഴുതിയതാ പോസ്ടാക്കാന്‍ ഇപ്പഴാ സമയം കിട്ടിയത്)

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ചായ കുടിയും പത്രവായനയും പിന്നെ പരശുരാമനും

കാലത്ത് ഉണര്‍ന്നാല്‍ പറ്റുമെങ്ങില്‍ ഒരു ചായ കുടിക്കണം അതൊരു ശീലമായ് പോയി . പാവം അപ്പന്‍ രാവിലെ പാലൊക്കെ വാങ്ങി, ചായയൊക്കെ ഇട്ട്  തന്നു ശീലിപ്പിച്ച്താണ്. അതാ ഇപ്പൊ കുഴപ്പമായത്. സഹപ്രവര്‍ത്തകര്‍റെയില്‍വേ സ്റെഷനുള്ളില്‍  വീടുണ്ടെന്നെന്നെ കളിയാക്കുമായിരുന്ന ആ കാലത്ത് അതിനൊക്കെ സമയവും ഉണ്ടായിരുന്നു. (കിലോമീറ്ററുകള്‍ക്ക്  അപ്പുറത്തും നിന്ന് പുലര്‍ച്ചെ തന്നെ വരുന്ന ഇവര്‍ക്കൊക്കെ രാവിലത്തെ ഉറക്കം നഷ്ടപ്പെടുന്നതിന്റെ അസൂയ കൊണ്ട് പറയുന്നതാ.) എന്നാല്‍ ഇപ്പൊ അതല്ലല്ലോ അവസ്ഥ (അവരെ പോലെ) കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ പുറപ്പെടണം ഇല്ലങ്ങില്‍ പരശുരാമന്‍ കൂക്കി വിളിച്ച്ങ്ങു പോകും വടക്കോട്ട്‌ . 
പരശുരാമന്റെ ചങ്ങാത്തമാണ് രാവിലെ തന്നെ പത്രവായനയും ശീലമാക്കിയത്. കാലത്ത് തന്നെ ചൂടോടെ വാര്‍ത്തകള്‍ വാരി വിഴുങ്ങുമ്പോള്‍  ഉള്ള സുഖം ഒന്ന് വേറെയാണ് . കടുത്ത സാമ്പത്തിക മാന്ദ്യം കാരണം കേവലം നാല് രൂപയുടെ ആ സുഖം തല്‍ക്കാലത്തേക്ക്  നിര്‍ത്തി വച്ചിരിക്കുകയാണ്,ചായകുടിയാകട്ടെ സര്‍ക്കാര്‍ വിലാസം കലക്ക് കുടിച്ചിട്ട് വയറു പഞ്ചര്‍ ആയതു പ്രമാണിച്ച് മുടങ്ങിയിരിക്കുന്നു. 
 അപ്പോഴുണ്ട്  അടുത്ത സീറ്റുകാരന്‍ നിവര്‍ത്തി വച്ചു വായിച്ചു നമ്മെ കൊതിപ്പിക്കും . പിന്നെ അത് തട്ടിപ്പറിച്ചു ലോകമാസകലം ഉള്ള ബോംബ്‌ പൊട്ടലുകളും മോഷണ കൊലപാതക പരമ്പരകളും  ഒക്കെ വായിച്ചു വയറു നിറച്ചു കഴിയുവോളം ആകെ ഒരു പെടപെടച്ചില്‍ തന്നെ. ചിലപ്പോ ഒത്തതെന്നു വരും. ചിലപ്പോ പുളിച്ച മുന്തിരി കഥയിലെ ചെന്നായെ പോലെ വായില്‍ വെള്ളമൂറി ഇളിചിരിക്കേണ്ടി വരും. അപ്പൊ പിന്നെ ഒരു കള്ള ഉറക്കം തന്നെ ശരണം .ഇന്നേ രാവിലെയും ഒത്തു ഒരു സക്കാത്ത് വായന. 
ഇന്നലത്തെ  രാത്രി കൊതുക് സംഗീതം കേട്ട് ഉറക്കം പടിവാതില്‍ക്കല്‍  പിണങ്ങി നിന്നതിന്റെ  ക്ഷീണം പരശുരാമന്റെ ഗര്‍ഭത്തിനുള്ളില്‍ തീര്‍ക്കാം  എന്ന വിചാരത്തോടെ ഒരു കുഷന്‍ സീറ്റൊക്കെ കണ്ടെത്തി, സുഖ ശയനത്തിനു വട്ടം കൂട്ടുമ്പോള്‍ സഹ സീറ്റുകാരന്‍ ദാ വാങ്ങുന്നു മനോരമ. ഹാവു! ആശ്വാസം ഇന്നത്തേക്കും ഒത്തു.പിന്നെ എന്ത് ഉറക്കം! ഇറങ്ങെണ്ടിടം എത്തുവോളം പരമ സുഖം .

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

മിഥ്യ -സത്യം

 മിഥ്യ -സത്യം
നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ സന്തോഷങ്ങള്‍
നീ എന്ന സത്യം മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങള്‍
മിഥ്യയാകും സത്യങ്ങള്‍ മുന്നില്‍ നില്‍കുമ്പോള്‍
എങ്ങനെ മറക്കും ഞാന്‍ നിന്നെ .........................

2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

Rajan Mavelikkara

എന്റെ  സുകൃത്ത്  ശ്രി രാജന്‍ മാവേലിക്കര ചില നമ്പരുകളൊക്കെ കാട്ടും കഴിഞ്ഞ ഓണ ആഘോഷ ങ്ങള്‍ക്കിടയില്‍ ഒരു തേങ്ങ കടിച്ചുപറിച്ചു കൊണ്ട് രാജന്‍ താരമായി ഇതാ ആ കാഴ്ച 
Related Posts Plugin for WordPress, Blogger...