hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2011, ഡിസംബർ 2, വെള്ളിയാഴ്‌ച

ക്ഷുപിത യൌവ്വനം

ക്ഷുപിത യൌവ്വനം പല്ലുകൊഴിച്ചു
ഹരിത യൌവ്വനം നഖം പൊഴിച്ചു
രാത്രി മഴയുടെ രൌദ്രതാളത്തില-
ലിഞ്ഞപ്പോള്‍ ആവേശ ചുടുച്ചോര
തണുത്തുറഞ്ഞു പോയി ഒരിളം വിരല്‍
സ്പര്‍ശത്തില്‍, ഹിമഹിരി കൊടുമുടി
നീന്തിക്കടന്നു നിര്‍വൃതി തന്‍ സമതലം
താണ്ടി നവ ചേതന ഒഴുകിപ്പരന്നു

പുതുനാമ്പ് തിളിര്‍ത്തു മന്ദം............
കിഴക്കിന്‍ മനത്ത് നിലാവും..........

2011, ജൂലൈ 22, വെള്ളിയാഴ്‌ച

വേലി

ഒരു സൌകര്യത്തിനു വേണ്ടിയാണവര്‍ വേലി പൊളിച്ചത്, രാത്രിയുടെ നിശബ്ദതയില്‍ വേലി ചാടുമ്പോഴുള്ള ശബ്ദം ഇല്ലാതാക്കാനായി മാത്രം. പല രാത്രികള്‍ കൊഴിഞ്ഞപ്പോള്‍ പതിയെ അതൊരു നടവഴിയായി, പിന്നെ കാല്‍പ്പാടുകള്‍ക്കനുസരണം ഇടവഴിയായി. കാലം കടന്നപ്പോള്‍ ഒരു പകല്‍ വെട്ടത്തു അതു പൊതുവഴിയായി തീര്‍ന്നു അവള്‍ പൊതു സ്വത്തും.  

2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

congrats India... congrats.

                  congrats India... congrats...........
നാനാത്വത്തിലെ ഏകത്വം എന്ന ഇന്ത്യന്‍ ആപ്തവാക്യം അനര്‍ത്ഥ്വമാക്കിയ ഇന്ത്യന്‍ ടീം അംഗങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വ്യക്തിപരമായ ചില തിരക്കുകള്‍ കാരണം തമിഴ് നാട്ടിലായിരുന്ന എനിക്ക് ആ മുഹൂര്‍ത്തം നഷ്ടപ്പെടുമോ എന്ന് പേടിയുണ്ടായിരുന്നു. പക്ഷെ ഭാഗ്യം ഇന്ത്യന്‍ ടീമിനൊപ്പം എനിക്കുമുണ്ടായിരുന്നു. കുംഭകോണത്തെ ലോഡ്ജ് മുറില്‍ ഉറക്കത്തോട് മല്ലിട്ട് ആ അസുലഭ നിമിഷം കണ്ടാര്‍ത്തു വിളിക്കാന്‍ എനിക്കും കഴിഞ്ഞു.



ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജസ്

2011, മാർച്ച് 24, വ്യാഴാഴ്‌ച

സാക്ഷി - ഒരു പുനര്‍വിചിന്തനം

മറ്റൊരു തിരഞ്ഞെടുപ്പുകാലം കൂടി, സീറ്റുകള്‍ക്കു വേണ്ടിയുള്ള പരക്കം പാച്ചിലുകള്‍, മോഹന വാഗ്ദാനങ്ങള്‍, ആകെ കലപില തന്നെ.
കോളേജിലെ പഴയ മാഗസിനുകള്‍ മറിച്ചു നോക്കുന്നതിനിടയ്ക്കു കണ്ട ഒരു കവിത “സാക്ഷി” ഓര്‍മ്മവന്നു. കാല ഘട്ടം മാറി, സാഹചര്യങ്ങളും മാറി എങ്കിലും ആനുകാല്യ പ്രസക്തി ഉണ്ട് ഏന്നു തോന്നിയതിനാല്‍ ഇവിടെ കുറിക്കുന്നു. ഇതെഴുതിയ പ്രിയ വിദ്യാര്‍ത്ഥി ജിനോബ് ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. അതുകൊണ്ടു തന്നെ അനുവാദം വാങ്ങിയിട്ടുമില്ല.എന്നെങ്കിലും കണ്ടുമുട്ടുമ്പോള്‍ പറയാം.

സാക്ഷി
ഞാന്‍ അവരോട് ദാഹജലം ചോദിച്ചു
അവര്‍ എനിക്കു കോള തന്നു
പിന്നെ ഞാന്‍ അരി ചോദിച്ചു
അവര്‍ എനിക്കു ലഹരി തന്നു
ജനത്തിന്റെ പട്ടിണിക്കൊരു പരിഹാരം ചോദിച്ചു
അവര്‍ നക്ഷത്ര ഹോട്ടലുകള്‍ തന്നു
റോഡു ചോദിച്ചു, പുഴ ചോദിച്ചു
അവര്‍ റോഡും റോഡില്‍ പുഴയും തന്നു
നാടിനു സമാധാനം ചോദിച്ചു
അവര്‍ ഗുണ്ടാ പോലീസിനെ തന്നു
സന്തോഷത്തിന്റെ ഒരു നിമിഷമെങ്കിലും
ലഭിക്കാനായി യാചിച്ചു
അവര്‍ തീം പാര്‍ക്കുകളിലൂടെ എന്നെ വിസ്മയിപ്പിച്ചു
സഹികെട്ട് ശവമടക്കാന്‍ ഒരു പിടി മണ്ണു ചോദിച്ചു
അവര്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ തീര്‍ക്കാമെന്ന്
വാക്കു മാത്രം തന്നു.

രചന: ജിനോബ് എം




2011, മാർച്ച് 3, വ്യാഴാഴ്‌ച

കരിഞ്ഞു വീണ പ്രണയ മൊട്ടിന്റെ ഓര്‍മ്മകള്‍

കരിഞ്ഞു വീണ പ്രണയ മൊട്ടിന്റെ ഓര്‍മ്മകള്‍







ലസ്ഥാന നഗരിയിലെ തിരക്കൊന്നും കാ‍ണുവാനുള്ള സാവകാശം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല, അതുകൊണ്ടു തന്നെ കാതടപ്പിക്കുന്ന ആ ഹോണ്‍ ശബ്ദം കേട്ടിട്ടും ഒന്നു വഴിമാറുവാന്‍  കഴിഞ്ഞില്ല. അത്യാസന്നനിലയിലെ രോഗിയേയും കോണ്ടു പാഞ്ഞ ആ വാഹനം ഞങ്ങളെ ഇടിച്ചിടാത്തത് ആ രോഗിയുടെ സുഹൃതമായിരിക്കും. വികസനത്തിന്റെ നീരാളികൈകള്‍ എത്തിനോക്കാന്‍ മടിച്ചുനിന്ന ജനറല്‍ ആശുപത്രി ജംഗഷന്‍ കടന്ന് എ കെ ജി സെന്ററിലേക്കുള്ള ആ ഇടനാഴി റോഡിലൂടെ പോയത് ഒരു സ്വപ്നത്തിലെന്ന പോലെയാണ്. വലിയ കയറ്റമൊന്നും അല്ലെങ്കിലും ആശാന്‍ സ്ക്വയറിലേക്കുള്ള ദൂരം ഒരു വലിയ മലചവിട്ടിക്കേറുന്ന അനുഭവം തന്നെ. ലക്ഷ്യസ്ഥാനം തൊട്ടു മുന്‍പില്‍ എത്തിയിരിക്കുന്നു, ഫെബ്രുവരി പകുതിയേ ആയിട്ടുള്ളൂയെങ്കിലും ഏപ്രില്‍ മാസത്തിലെ വെയിലു പോലെ കത്തിക്കാളുന്ന ഉച്ച വെയിലിൽ ഒറ്റെക്കു ഒരാള്‍ക്കു തന്നെ സൈക്കിളില്‍ ആറേഴു കിലോമീറ്റര്‍ സഞ്ചരിക്കുന്നത് ദു:സഖമായിരിക്കേ പിന്നിലൊരുത്തനേയും കൂടി ഇരുത്തി കൊണ്ടുള്ള ആ യാത്ര അതികഠിനം തന്നെയായിരുന്നു എനിക്കു. എങ്കിലും ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ഈ യാത്ര ഞങ്ങളെ ഒട്ടും തന്നെ മുഷിപ്പിച്ചില്ല. 

ജീവിതത്തില്‍ ആദ്യമായി ഒരു സംഭവം ചെയ്യാന്‍ പോകുന്നു ഞങ്ങള്‍. ഇതു വരെ പലരും വീമ്പു പറയുന്നതു കേട്ടു മാത്രം പരിചയമുള്ള എനിക്കു അതു എങ്ങനെ നടത്തും എന്നു ഒരു പിടിയും ഉണ്ടായിരുന്നില്ല. പക്ഷെ ആ കള്ള തിരുമാലി വിത്സു ആകെ ത്രസിപ്പിലാണ്, പിന്തിരിപ്പിക്കാനാവുന്നതും ശ്രമിച്ചിട്ടും അവന്‍ ഉറച്ചു തന്നെ നിന്നു. ഇന്നു അതു സംഭവിക്കണം അല്ലെങ്കില്‍ അവനെന്തെകിലും അവിവേകം കാട്ടും. കഴിഞ്ഞ മൂന്നു ദിവസമായിട്ട് ഈ ഒരു സമയം ഒത്തു വരാൻ നടക്കുന്നു, ഇന്നെങ്കിലും നടന്നില്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ തന്നെ അവനെ തട്ടിക്കളയാനും ഇടയുണ്ട്.

“ഡാ അളിയാ, ഇന്നെങ്കിലും നടക്കുവോടാ?”
നിയമസഭാ സമാജികരുടെ വാസസ്ഥലത്തിലെ പാര്‍ക്കിങ്ങ് ഏരിയായില്‍ സൈക്കില്‍ ഒതുക്കി വച്ച്  കാറ്റൊത്തൊന്ന് മാറി  വിയര്‍പ്പാറാന്‍ നിക്കുമ്പോള്‍ അവനു സംശയം
“കോപ്പ് ....നീ ഒന്ന് ചലക്കാണ്ട് നിക്കടാ. മൂന്ന് ദിവസം സ്വാഹാന്ന് കളഞ്ഞിട്ട് ഇപ്പോ നിനക്കെന്താടാ ഒരു സംശയം?”
“ഓ ഒന്നും ഇല്ലാ”
“പിന്നെ ദൈര്യമായിട്ട് നടന്നോ. വണ്ടിയിപ്പോ എത്തും”

തലങ്ങും വിലങ്ങും പായുന്ന വണ്ടികള്‍ നിറഞ്ഞ നിരത്തു പോലെ എന്റെ
മനസ്സും പ്രക്ഷുപ്തമായിരുന്നു. തിരക്കു പിടിച്ച് ആശാന്‍ സ്ക്വയറില്‍, രാജ വംശ പാരമ്പര്യത്തിന്റെ എടുപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന് യൂണിവേഴ്സിറ്റി കവാടത്തില്‍ എവിടെയെങ്കിലും ഒരു പരിചിതമുഖം കാണുന്നുണ്ടോ എന്ന ശങ്ക എന്നെ വേട്ടയാടി. സ്വതവേ വിളര്‍ത്തിരിക്കാറുള്ള അവന്റെ മുഖം നന്നേ വിളര്‍ത്ത് നീരോട്ടമില്ലാതെയായെങ്കിലും മച്ചാന്‍ ആകെ സ്റ്റൈലില്‍ തന്നെയാണ് നില്പ്. മോഹന്‍ലാല്‍ ഇയാളെ കണ്ട് പഠിച്ചതാണെന്ന് തോന്നുമ്മാറ് പഹയന്‍ തൊളെല്ലുകള്‍  ചെരിച്ചു അങ്ങനെ നില്‍ക്കുന്നു. പെന്‍സില്‍ കോലു പൊലുള്ള ആ ദേഹം അവനെപ്പോലൊരാള്‍ക്കു കൂടി കടക്കാന്‍ പറ്റുന്ന ഷര്‍ട്ടിനുള്ളില്‍ കയറ്റിയുള്ള ആ നിലപ്പു കണ്ടിട്ട് തള്ളിവന്ന ചിരി ഒതുക്കി എന്റെ ശ്രദ്ധ നഗര വീഥിയിലേക്ക് തിരിച്ചു.
കുത്തി നിറച്ച യാത്രക്കാരുമായ് ഓരോ ആനവണ്ടിയും മുമ്പില്‍ വന്നു നില്ക്കുമ്പോള്‍ എന്റെ നെഞ്ചില്‍ പെരുമ്പറ മുഴങ്ങി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പണിക്കു ഇറങ്ങിത്തിരിച്ചത്, ഓരൊ അവന്മാര് നല്ല ഗിമ്മിക്കോക്കെ ചേര്‍ത്ത് വിളമ്പുന്ന ബഡായികള്‍ കേട്ടിട്ടുള്ള പരിചയം മാത്രമേ കൈമുതലായിട്ടുള്ളു. ഈ വൃത്തികെട്ടവന്‍ ഓരൊന്നു പറഞ്ഞു പിരികേറ്റിയപ്പോ നല്ല തല്ല് കിട്ടാത്തതിന്റെ കുറവുകൂടി ഉള്ളതുകൊണ്ട് ആവേശത്തില്‍ ഇറങ്ങി പുറപ്പെട്ടു. ഇനീപ്പം രണ്ടെണ്ണം കിട്ടാനുള്ള വകുപ്പുണ്ടെങ്കി ആയിക്കോട്ടെ അല്ലാതെപിന്നെ.
ഇങ്ങനെ ഓരോ മനോരജ്യങ്ങളില്‍ മുങ്ങി നില്‍ക്കുമ്പോള്‍ ആരോ വിളിക്കുന്നതു പോലൊരു ഉള്‍വിളി, ചുറ്റും പരതി ആരേയും കാണുന്നില്ല.  അവിടെ ജരാനര ബാധിച്ച മഞ്ഞളിച്ച ലൈബ്രറി കെട്ടിടത്തിന്റെ പശ്ചാതലത്തില്‍ ചുമപ്പും കറുപ്പുമായ് വെയിലത്ത് വാടിനില്‍ക്കുന്ന ക്രോട്ടല്‍ ചെടികള്‍ക്കിടയിലൂടെ ഒരു ഹസ്തം എന്നെ ചൂണ്ടി വിളിക്കുന്നുണ്ടായിരുന്നു.
“ന്റെ..മ്മേ...........!” അറിയാതെ ഞാനൊരു ഇന്നസെന്റ് ആയി “ ഉഷ ടീച്ചര്‍”
ഇവര് ക്ലാസ്സെടുക്കതെ ഈ വെയിലത്തു എന്തെടുക്കുവാ.....

എന്നെതന്നെയാണ് വിളിച്ചതെന്ന് ഉറപ്പില്ലാ. എന്നിട്ടും ഞാന്‍ ഒരു വിഡ്ഡിച്ചിരി എടുത്തണിഞ്ഞു, വര്‍ഷം രണ്ട് കഴിഞ്ഞിട്ടും നൂറുകണക്കിനു ശിഷ്യ ഗണങ്ങള്‍ ഉണ്ടായിരുന്നിട്ടും (മുന്‍ബെഞ്ചിലിരുന്നു തന്നെ ഉറക്കം തൂങ്ങാറുള്ളതു കൊണ്ടു മാത്രം) എന്നെ തിരിച്ചറിഞ്ഞൂന്ന് അവരുടെ ആ കൊച്ചു നയനങ്ങള്‍ അറിയിച്ചു.

‘എന്താ ഇവിടെ?’ എന്ന മട്ടില്‍ കൈകള്‍ കൊണ്ട് ചോദ്യമെറിഞ്ഞവരോട് കണ്ണുകള്‍ ഇറുക്കിയടച്ച് ഒന്നുമില്ലാ എന്നു ഞാന്‍ കോമരം പോലെ തോളുകള്‍ കുലുക്കി.
സര്‍ക്കാര്‍ വിലാസം പള്ളിക്കുടത്തിലെ ഇത്തിരി ലോകത്തില്‍ തുമ്പികളേപ്പോല്‍ പറന്നു രസിച്ചുനടന്ന എന്നെപ്പോലുള്ളവര്‍ക്ക്, വര്‍ണ്ണചാര്‍ത്തുകള്‍ നിറഞ്ഞ ശലഭങ്ങളുടെ കലാലയ ലോകം അമ്പരന്നു വാ പൊളിച്ചു നിന്ന ഇത്തിരി സമയം കൊണ്ട്തന്നെ പറന്നു പോയിരുന്നു. അതിനിടയില്‍ ക്ലാസ്സും പഠനവും ഒന്നും ശരിയാവണ്ണം നടന്നില്ലെങ്കിലും ഉഷ ടീച്ചറുടെ ഇംഗ്ലീഷ് ക്ലാസ്സുകള്‍ മറക്കാന്‍ പറ്റുന്നവയല്ല. അക്ഷരമാലയിലെ കുഞ്ഞു അക്ഷരങ്ങള്‍ പെറുക്കി വച്ചു പേരെഴുതുവാന്‍ മാത്രം ത്രാണിയുണ്ടായിരുന്ന കാലത്തു നിന്നും തമ്പാനൂരിലെ ശ്രിവിശാഖില്‍ പ്രദര്‍ശിപ്പിക്കുന്ന് ഇംഗ്ലീഷ് സിനിമകള്‍ കാണാന്‍  പ്രാപ്തരാക്കിയ ആ കാലത്തേക്ക് ഞാന്‍  മൂക്കുകുത്തി.   നഗരത്തിലെ ഏറ്റവും തല്ലുള്ളിയായ ആ കലാലയത്തില്‍ ഏറേ കൊതിച്ച അഡ്മിഷന്‍ ശൈശവ സഹജമായ വിവരമില്ലായ്മയാല്‍ നഷ്ടപ്പെടുന്ന അവസ്ഥയില്‍ രക്ഷകനായ് വന്ന കപ്പടാ മീശയുള്ള പട്ടാളം സാര്‍, ഇഷ്ട വിഷയം ഫിസിക്സ് പഠിപ്പിച്ച ചന്ദ്രശേഖരന്‍ സാര്‍, മാത്സിലെ ഇഷ്ട ഭാഗം ട്രിഗണോമെട്രി പഠിപ്പിച്ച ഓരൊ ദിവസവും ഓരൊ സിനിമയിലെ പുതിയതും പഴയതും ആയ ഫാഷനുകളില്‍ വേഷം ധരിച്ചെത്തുന്ന സാര്‍ (മറവിയെന്ന മഹാ സമ്പാദ്യത്തില്‍ ആ പേര് പലിശ രഹിത ഫിക്സഡ് ഡെപ്പോസിറ്റായി പോയി) എന്നിങ്ങനെ ഓരോരുത്തരായി കൺമുന്നിൽ നിരന്നു വന്നു.
"ടാ വന്നടാ.... ദേണ്ടെ പോണൂ‍.......” ആവേശത്തില്‍  വിളിച്ചുക്കൂവിയതോടൊപ്പം എനിക്കു ചുമല്ലില്‍ ഒരു ഒന്നാന്തരം തല്ലും കൂടെ തന്നവന്‍ ഓടിപ്പോയ്. സ്മരണകളില്‍ മുങ്ങി നിന്ന എന്നെ ആ തല്ല് വല്ലാതെ നൊമ്പരപ്പെടുത്തി. പറന്നകന്ന മനസ്സ് ശരീരത്തോടൊട്ടുമ്പോഴേക്കും അവന്‍ എന്നില്‍ നിന്നും ഏറെ അകലത്തിലെത്തി കഴിഞ്ഞിരുന്നു. ഒരു നിമിഷം ലൈബ്രറിയിലേക്കു പാളി നോക്കി അവനു പിന്നലെ ഞാനും പാഞ്ഞു. ആശ്വാസം അവിടെ ആ മുഖം ഇപ്പോള്‍ കാണുന്നില്ല.



തിരക്കു പിടിച്ച് പാളയം റോഡ് മുറിച്ചുകടക്കുമ്പോള്‍ പാഞ്ഞു വന്ന പച്ച ചായം തേച്ച ആന  വണ്ടി നീട്ടിയടിച്ച ഹോണ്‍ എന്റെ ചെവികളെ തുളച്ചു കടന്നുപ്പോയി. ഒരു നിമിഷത്തിന്റെ അമാന്തത്തില്‍ തിരിച്ചു കിട്ടിയ ജീവന്റെ തുടിപ്പുകള്‍ ഇടതുനെഞ്ചോട് ചേര്‍ത്തു കൈപ്പിടിയിലൊതുക്കുമ്പോള്‍ കണ്ട കാഴ്ച എന്നെ തകര്‍ത്തുകളഞ്ഞു. എന്നിലെ എന്നെ കണ്ടെത്തിയ കഴിഞ്ഞ രണ്ടു വര്‍ഷം സന്തത സഹചാരിയും എന്റെ സര്‍ഗ്ഗവാസനകള്‍ക്ക്  അക്ഷര രൂപം നല്‍കി മഷി പുരട്ടിയ എന്റെ പ്രിയപ്പെട്ട തടിച്ച ഓറഞ്ഞു നിറമുള്ള ആ മഷിപ്പേന ടയറുകള്‍ക്കിടയില്‍ കിടന്ന് ഊര്‍ദ്ദശോസം വലിക്കുന്നു. നീലച്ചോര ചിതറിയ  തിളനിലയിലെ ടാറിനു മീതെ നുറുങ്ങി നൂറായിരം കഷ്ണങ്ങളായ അവന്റെ ആ അവസ്ഥ. ഹാ ദയനീയം....


ദാരുണമായ ആ ദുരന്തത്തിന്റെ നേര്‍ സാക്ഷ്യം എന്നെ നിശ്ചലനാക്കി. തലയിലൂടെ അറിച്ചിറങ്ങിയ ഒരു ഉഷ്ണം കഴുത്തുകള്‍ക്ക് പിന്നിലൂടെ വിയര്‍പ്പുകണങ്ങളായ് ശരീരത്തെ നനയിച്ചുകൊണ്ട് പാദങ്ങളില്‍ ചെന്നവസാനിച്ചു. ഇതികര്‍ത്യവ്യാമൂഢനായ്, തെക്കു വടക്ക് പായുന്ന ചക്രങ്ങള്‍ക്കിടയില്‍ മറ്റോരു രക്തസാക്ഷി സ്തൂപം കണക്കെ നിന്ന എന്റെ തോളില്‍ ഒരു തണുത്ത് കരസ്പര്‍ശം ഉലച്ചു “ടാ... എന്താടാ നീ വരാത്തത്?”

....................................
 മറുപടി മൌനം

“ഡാ....... “

മരണത്തിന്റെ ലോകത്തുനിന്നും ഞാന്‍ പടിയിറങ്ങി, സ്ഥലകാലബോധം തിരിച്ചുകിട്ടിയ ഞാന്‍ ഓര്‍ത്തു എന്തിനിവിടെ വന്നു.

“ങാ എന്തായടാ പോയിട്ട്, അവളെ കണ്ടുവ്വൊ?”
ആ ചോദ്യം അവനെ തീക്ഷ്ണമായ ചൂടേറ്റ് കരിഞ്ഞ കരിമ്പിന്‍ തണ്ടു പോലെയാക്കി.


നിരാശയുടെ എവറസ്റ്റിനു മുകളില്‍ കയറി അവന്‍ പറഞ്ഞു
“ഓപ്പറേഷന്‍ സക്സ്സ് ബട്ട് ഐ ആം ഡെഡ്!” 

കൊച്ചിക്കാരന്‍ അന്ത്രൂന്റെ ഭാഷമാത്രമറിയാവുന്ന അവന്റെ ആംഗ്ലോഇന്‍ഡ്യന്‍ ശൈലിയിലെ മറുപടി കേട്ട് ഞാന്‍ ഒന്നുംകൂടെ രക്തസാക്ഷി സ്തൂപമായ്. ഓർമ്മകൾ ബാക്കിയാക്കി ഒരു വാലെന്റൈൻ ദിനംകൂടി കടന്നു പോയി........





വര : രാജന്‍ കെ
ചിത്രങ്ങള്‍ക്കു കടപ്പാട്: ഗൂഗില്‍ ഇമേജെസ്


 


2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

“കണ്‍ക്രാറ്റ്സ് ആനന്ദ് കണ്‍ക്രാറ്റ്സ്”

“ഡ്വിംഖ് ....ഡിംഖ്...ഡ്വിംഖ്...        @#^$%#&^$^*)(*(പരസ്യ ഗാനം) യാത്രക്കാരുടെ ശ്രദ്ധക്ക്   ട്രൈന്‍ നമ്പര്‍  166  49   മംഖലാപുരത്തു നിന്നും   തിരുവനന്തപുരം വരെ പോകുന്ന   പരശുരാം എക്സ്പ്രസ്സ്    നാലാം നമ്പര്‍ ഫ്ലാറ്റ്ഫോറത്തിലേക്കു    അല്പസമയത്തിനകം  എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു”

ഇന്ത്യന്‍ റയില്‍വേയിലെ അഞ്ജാത സുന്ദരിയുടെ കമ്പ്യൂട്ടര്‍ നാദം കേട്ട തിരക്കു പിടിച്ച ഫ്ലാറ്റ്ഫോറത്തിലെ അക്ഷമരായ യാത്രക്കാര്‍ ഒരുമിച്ചു തങ്ങളുടെ വാച്ചുകളിലേക്കു നോക്കി. സീസണ്‍ യാത്രക്കാരായതിനാലാവാം ആരിലും പ്രത്യേകിച്ചൊരു ഭാവമാറ്റവും പ്രകടമാ‍യി കണ്ടില്ല. കുറേക്കാലമായ് ശീലമായതാണല്ലോ വാച്ചിലെ സമയം  റയില്‍വേ സമയവുമായി പാളങ്ങള്‍ പോലെ ഒരിക്കലും കൂട്ടിമുട്ടാത്തത്, അതു കൊണ്ടവര്‍ തങ്ങളുടെ ലോകത്തേക്ക് തന്നെ തിരിച്ചുപോയി. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ ഒരു ദിവസത്തിന്റെ കലപിലകള്‍, കൊച്ചുവര്‍ത്തമാനങ്ങള്‍, സര്‍വ്വീസ് ലോകത്തിലെ ബദ്ധപ്പാടുകള്‍, തമാശകള്‍ ഇവയൊക്കെ ചിതറിവീഴുന്ന നാലാം നമ്പര്‍ ഫ്ലാറ്റ്ഫോം ശബ്ദമുഖരിതമായിരുന്നു. ഒറ്റക്കും ചെറു ചെറു കൂട്ടങ്ങളായും തങ്ങളുടെ മാത്രം ലോകം തീര്‍ക്കുന്ന അവര്‍ക്കിടയില്‍, പ്രധാന കവാടത്തിനു നേരേ നിന്നിരുന്ന ആ ഗ്രൂപ്പിനെ എല്ലാവരും ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും ഉയരുന്ന പൊട്ടിച്ചിരി എല്ലാ ശബ്ദങ്ങള്‍ക്കും മുകളിലാണെന്നതു തന്നെ കാരണം. അവര്‍ പത്തോളം പേരുണ്ടായിരുന്നു, വിവിധ പ്രായക്കാരായ അവര്‍ തമാശകളിലൂടെ അതിര്‍വരമ്പുകളില്ലാത്ത ഒരു ലോകം അവര്‍ക്കു ചുറ്റും തീര്‍ത്തിട്ടുണ്ടായിരുന്നു.. വൃത്താകൃതിയില്‍ നിന്ന അവര്‍ അപ്പോള്‍ ഒരാളെ അഭിനന്ദിക്കുകയാണ്. പൌര്‍ണ്ണമി നാളിലെ ചന്ദ്രനെപ്പോലെ മുഖശ്രീയോടു കൂടിയ ചന്ദനവും കുങ്കുമവും ചാര്‍ത്തിയ ആ മുഖം ആനന്ദമുഖരിതമായിരുന്നു.

 “കണ്‍ക്രാറ്റ്സ് ആനന്ദ് കണ്‍ക്രാറ്റ്സ്”കൂ‍ട്ടത്തിലെ ഇളപ്രായക്കാരനെന്നു തോന്നിക്കുന്ന കൊലുന്നെനെയുള്ള ചെറുപ്പക്കാരന്‍ തന്റെ മുന്നിലെ ആ വ്യക്തിയെ കൈ കുലുക്കി അനുമോദിക്കുന്നു. മറ്റുള്ളവരാകട്ടെ ചുറ്റും നിന്ന് അയാളുടെ തോളുകളിലും, പുറത്തും തട്ടി ആഹ്ലാദിക്കുന്നു.

“തീര്‍ച്ചയായും ആനന്ദ് നീ ഒരു വലിയകാര്യമാണ് ചെയ്തത്.” തടിച്ച കണ്ണടകളോടു കൂടിയ പ്രായം ചെന്ന ആ മനുഷ്യന്റെ വാക്കുകള്‍ കേട്ട് അയാളുടെ മുഖം ചുമന്നു തുടുത്തു. സുമുഖനായ ആ ചെരുപ്പക്കാരന്‍ ആകെ വല്ലാതെ ചൂളി, താന്‍ അങ്ങനെ വല്ല്യകാര്യമൊന്നും ചെയ്തില്ലാ എന്ന മട്ടില്‍ അവരോടെന്തക്കയൊ പറയാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ആ വാക്കുകള്‍ അവരുടെ ശബ്ദഘോഷണത്തില്‍ മുങ്ങിപ്പോകുന്നു.
ഈ കോലാഘലങ്ങള്‍ക്കിടയില്‍ മറ്റൊരു ചെറുപ്പക്കാരന്‍  കൂ‍ടി അവിടെ കടന്നു വന്നു. എന്താണവിടെ ഇത്ര ആഹ്ലാദപ്രകടനമെന്നു ശങ്കിച്ചു നിന്നയാളോടു അല്പം കുടവയറും അതിനോത്ത ശരീരവടിവുമുള്ള   കൃതക്രാത്തനായ ഒരാള്‍ പറഞ്ഞു
“ഹാ വായും പൊളിച്ചു നിക്കാണ്ട് അഭിനന്ദിക്കു ആ..നന്ദിന്റെ ധീര പ്രവൃത്തിയെ”
“ങാ എന്താ സംഭവം ഞാനും കൂടെ അറിയട്ടെ” അയാള്‍ പ്രതിവതിച്ചു.
“ആനന്ദ് ഒരു പാ......” എന്നു തുടങ്ങിയ ചന്ദനക്കുറിയിട്ടയ്യാളെ തടുത്തു കൊണ്ട് കൃതക്രാത്തന്‍ തുടര്‍ന്നു
“ഇന്ത്യന്‍ റയില്‍വേയ്കു സംഭവിക്കുമായിരുന്ന ഒരു വലിയ അഭമാനത്തില്‍ നിന്നും ആനന്ദ് റയില്‍വേയെ രക്ഷിച്ചു”

“ങാ ഹാ.. എന്തു സംഭവം?”
“ഒന്നും ഇല്ലടെ” ആനന്ദ് ഇടപ്പെട്ടു “ഞാന്‍ ഒരു.....”
അവര്‍ ആനന്ദിനു മുഴുപ്പിക്കുവാന്‍ അവസരം നല്‍കാതെ അയാളെ തടുത്തു.
“ഞങ്ങള്‍ പറഞ്ഞോളാം. നീ അവിടെ മിണ്ടാതിരിയടാ” ചന്ദനക്കുറിക്കാരന്‍ കടുപ്പിച്ചു തന്നെ പറഞ്ഞു.
കറുമ്പനും സൌമ്യനുമായ ഒരാള്‍ കൈകള്‍ ഉയര്‍ത്തി അവര്‍ക്കിടയില്‍ കടന്ന്
“നിര്‍ത്ത് നിര്‍ത്ത്, ആരെങ്കിലും ഒരാള്‍ പറയു” ആ വാക്കുകള്‍ക്കു ഒരു ആജ്ഞാശക്തിയുള്ള പോലെ. എല്ലാവരും ഒന്നടങ്ങി.അയാള്‍ തുടര്‍ന്നു.
“കേരളത്തിന്റെ ദേശീയ ഉരഗവര്‍ഗ്ഗമായി മാറിയ ഒരു ഇരുകാലി പാമ്പിന് ആകസ്മികമായി സംഭവിക്കാമായിരുന്ന ദാരുണമായ അന്ത്യത്തില്‍ നിന്നും നമ്മുടെ ആനന്ദ് രക്ഷിച്ചു.”

“നമ്മുടെ ആനന്ദ്!” ആശ്ചര്യത്തില്‍ അയാളുടെ മുഖം വിടര്‍ന്നു
“അതേന്ന് നമ്മുടെ ആനന്ദ് ദാ ഇന്നലെ ഇവിടെ സംഭവിക്കാമായിരുന്ന ഒരു വന്‍ അപകടത്തില്‍ നിന്നും-  പാഞ്ഞു വരുന്ന പരശുരാമിന്റെ എഞ്ചിനും ഫ്ലാറ്റ്ഫറത്തിനും ഇടയില്‍ ചതഞ്ഞരയുമാരുന്ന- ആ പാമ്പിനെ തന്റെ ഇടതു കരങ്ങളാല്‍ കോരിയെടുത്തു ഈ ചുവന്ന തറയില്‍ ഒട്ടിച്ചുവച്ചു”
“അതൊന്നും ഇല്ലടെ, അയാളു കേറാന്‍ പറ്റാതെ നിന്നപ്പം ഞാന്‍ വലിച്ചു കേറ്റി. അത്രേള്ളു” ആനന്ദ് നിഷ്കളങ്കനായി പറഞ്ഞു.

“ഇല്ല ഇല്ല അയാള്‍ ഫ്ലാറ്റ്ഫോമില്‍ കൂടി ഇഴഞ്ഞിറങ്ങിയപ്പോ ട്രൈന്‍ വന്നു. നീ വലിച്ചു കയറ്റിയതു കൊണ്ടു മാത്രമാണ് അയാള്‍ ചതഞ്ഞരയാത്തതു.”
“ആണു ഞാന്‍ കണ്ടതല്ലേ!”
“പച്ചപ്പാവം പോലെ നടക്കുന്ന നീ ആളൊരു ഭയങ്കരന്‍ തന്നെ!”
“വന്യ ജീവി സംരക്ഷണം കൂടി നടത്തിയ നീ ഞങ്ങള്‍ക്ക് അഭിമാനം തന്നെ”
“കണ്‍ക്രാറ്റ്സ് ആനന്ദ് കണ്‍ക്രാറ്റ്സ്.........”

ഓരോരോ അഭിപ്രായങ്ങള്‍ക്കിടയിലേക്ക് ഒന്നും അറിയാത്തവനെപ്പോലെ, തന്നെയും കാത്ത് അക്ഷമരായി നില്‍ക്കുന്ന അവര്‍ക്കിടയിലേക്കു മറ്റൊരു ശൂളം വിളിയുമായ് പരശുരാം എക്സ്പ്രെസ്സ് കടന്നു വന്നു.

*******************************************************************************
ഇതിന്റെ തമിഴ് പരിഭാഷ இதனுடைய தமிழாக்கம்



Related Posts Plugin for WordPress, Blogger...