hihihihihihi.....................


നീ എന്ന മിഥ്യ മുന്നിലുള്ളപ്പോള്‍
എങ്ങനെ മറക്കും ഞാന്‍ ദു:ഖങ്ങളെ .............


2010, ഡിസംബർ 17, വെള്ളിയാഴ്‌ച

യജമാനന്‍ ബാബു

“ടാ കുട്ടാ വീട്ടിലേക്ക് വാടാ....  ന്റെ ചക്കരല്ലേ.... വാടാ”
കരുണാര്‍ദ്ദമായ ശബ്ദം കേട്ട് ഞാന്‍ കടലാസും കണക്കുകൂട്ടി യന്ത്രവും മാറ്റിവച്ച് പുറത്തേക്ക് നോക്കി.
പക്ഷെ അവിടാരുമില്ലായിരുന്നു. തോന്നലാകും.... ആവാം. കണക്കുകളുടെ ലോകത്തേക്കു തന്നെ മടങ്ങാനൊരുങ്ങുമ്പോള്‍ വീണ്ടും ആ ശബ്ദം
“എടാ മോനേ! നീ പിണക്കം മതിയാക്കി വീട്ടിലേക്ക് വാ” സ്നേഹപൂര്‍വ്വവും എന്നാല്‍ ശാസനാരൂപേണയുള്ള ആ വിളി കേട്ട് ശരിക്കും ഞാന്‍ ഞെട്ടി. ‘ ആരാപ്പാ ത് എന്നെ ഇത്രയും കാരുണ്യാമയമായ് വിളിക്കുന്നത്. മാത്രവുമല്ല ഞാനാരോടാ പിണങ്ങിയത്. എനിക്കോര്‍മ്മയില്ല.
എനിക്കാകെ ഒരു പരവേശം പതിയെ സൈറ്റാഫീനു പുറത്തേക്കിറങ്ങി.
അവിടെ ആ ഗേറ്റിനു സമീപത്തായ് ഒരു തടിച്ചു കുറികിയ മനുഷ്യന്‍.  ഒട്ടകത്തിന്റെ ചിത്രമ്മുള്ള കൈയ്യില്ലാത്ത ഒരു ബനിയനും, കുടവയര്‍ കാരണം നെഞ്ചിനു താഴെവരെ ഉയര്‍ത്തികെട്ടിയ ലുങ്കിയും ധരിച്ച ആ മനുഷ്യന്‍ ആര്‍ദ്രത തുളുമ്പുന്ന കണ്ണുകളോടെ സൈറ്റാഫീസിലേക്കു നോക്കി വീണ്ടും യാചിച്ചു.
”എടാ ചക്കരേ പിണക്കം മതിയാക്കി നീ വീട്ടിലേക്കു വാ”
“ഇതേതു മാരണം കാലത്തു തന്നെ” എന്നും വിചാരിച്ചു എനിക്കു ശുണ്ഠി വന്നു. പക്ഷെ ആ മനുഷ്യനെ ഞാനറിയും. സൈറ്റാഫീസിരിക്കുന്ന കവലയില്‍ നിന്നും വലത്തോട്ടുള്ള റോഡില്‍ വലതു ഭാഗത്ത് നാലാമത്തേതോ മറ്റോ ആണ്  അയാളുടെ വീട്. ഒരു തമിഴ് നാട്ടുകാരനായ അരി കച്ചവടക്കാരന്‍. അയാളുടെ മൂന്ന് മക്കളും സ്ക്കൂളില്‍ എനിക്കു താഴെത്തെ ക്ലാസുകളില്‍ പഠിച്ചിരുന്നു. ആളെ തിരിച്ചറിഞ്ഞ ഞാന്‍ പതിയെ ചോദിച്ചു
“അണ്ണാച്ചി എന്തു പറ്റി?” (തമിഴ് നാട്ടുകാരായ ചേട്ടന്മാരെ അങ്ങനെയാണ് വിളിക്കാറ്)

മറുപടി ഒരു നെടുവീര്‍പ്പ് മാത്രം. അയാള്‍ നിരാശ നിറഞ്ഞ കണ്ണുകളുമായ് സൈറ്റാഫിസിലേക്ക് തന്നെ ഉറ്റു നോക്കി നില്‍പ്പാണ്. ഞാന്‍ എന്റെ ദൃഷ്ടി അവിടേക്ക് തിരിച്ചു. സൈറ്റാഫിസിന്റെ ഓല മറ കോണ്ടുള്ള ചുമരിനു താഴെ ആറ്റുമണല്‍ ഇറക്കിട്ടിരുന്ന ഭാഗത്ത് ഒരു ചെമ്പന്‍ നായ് നില്‍ക്കുന്നു.

വയര്‍ നന്നേ ഒട്ടി, ലേശം ക്ഷീണിതനായ നായ് അയ്യാളെ തന്നെ ഉറ്റുനോക്കുകയാണ്. ചെറിയ ചെവി ഉയര്‍ത്തിപ്പിടിച്ച് അയാള്‍ പറയുന്നത് കേട്ട്, തന്റെ യജമാന സ്നേഹം അത് വാലാട്ടി പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.
“ഇങ്ങ് വാടാ”  അയാള്‍ വീണ്ടും വിളിച്ചു “എത്രയോ തവണ നീ എന്നെ മാന്തുകയും കടിക്കുകയും ഒക്കെ ചെയ്തു, അതിനോന്നും ഞാന്‍ നിന്നെ ഒന്നും പറഞ്ഞിട്ടില്ലല്ലോ? ലച്ചു മോളെ നീ കടിച്ചിട്ടല്ലേ ഞാന്‍ നിന്നെ തല്ലിയത്? “

അപ്പോ അതാണു കാര്യം. നായാകാട്ടെ  തന്റെ വാലൊന്നുകൂടെ ശക്തിയായ് ആട്ടികൊണ്ടും ‘വരില്ല ഇനി ഞാന്‍‘ എന്ന ഭാവത്തോടെ തലയിളക്കി.

“ഇനിയും നീ വന്നില്ലെങ്കില്‍ ഞാന്‍ വിളിക്കുന്നില്ല. നിന്നെ എനിക്കു ഇനി കാണണ്ടാ!”
ഒടുവില്‍ നിരാശനായ അയാള്‍ അവിടം വിട്ടു പോയി. പോകുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇതെന്തു കഥ എന്ന് ഞാന്‍ മിഴിച്ചു നിന്നുപോയ്.

നഗരത്തിലെ ഒരു ഭാഷാ ന്യൂനപക്ഷ കൂട്ടായ്മക്ക് വേണ്ടി നഴ്സറി വിദ്യാലയത്തിന്റെ നിര്‍മ്മാണം നടക്കുന്ന ഈ സൈറ്റ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. കഴിഞ്ഞ മൂന്നു ദിവസമായ് പണി നടക്കാത്തതു കാരണം ഇങ്ങോട്ട് വന്നിരുന്നില്ല. പത്ത് നാല്‍പ്പതോളം സെന്റ് വരുന്ന് സ്ഥലത്തില്‍ ചുറ്റുമതിലിനോട് ചേര്‍ത്ത് ഓല കൊണ്ടുണ്ടാക്കിയതാണ് സൈറ്റാഫീസ്. സിമന്റും, മറ്റു പണിസാമാനങ്ങളും സൂക്ഷിക്കാന്‍ അടച്ചുപൂട്ടാവുന്ന് തരത്തില്‍ ഒരു ചെറിയ മുറിയും അതിനു മുന്നിലായ് വരാന്ത പോലൊരു ചായ്പ്പുമാണ് സൈറ്റാഫീസ്. പാതിരാ ഫര്‍ണ്ണീച്ചര്‍കാരുടെ ഒരു മേശയും രണ്ട് സ്റ്റൂളുമാണ് ആകെ അവിടെയുള്ള സൌകര്യങ്ങള്‍. ഇന്നും പതിവു പോലെ പണിക്കാര്‍ പറ്റിച്ചു, ഇക്കാലത്ത് പണിക്കാരെ കിട്ടാന്‍ വല്യ പ്രയാസമാണ്. രണ്ടു ദിവസം വന്നാല്‍ മൂന്നു ദിവസം വരില്ലാ.
“ഇന്നും പണീല്ലാല്ലേ സാറേ?”
ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി, ബാബു നില്‍ക്കുന്നു. ഇവിടത്തെ രാത്രികാവല്‍ക്കാരന്‍. പണിയില്ലെങ്കില്‍ പകലും ഇവിടെ കാണും. കൈയില്‍ ഒരു കവറും ഉണ്ടായിരുന്നു.
“ങാ! ബാബുവോ? ഇന്നും വന്നില്ല. ഇനിയിപ്പോ തിങ്കളാഴ്ച നോക്കിയാ മതി.”


ഞാന്‍ സൈറ്റാഫിസിനു പുറത്തിറങ്ങി, അപ്പോഴുണ്ട് ആ നായ് വാലാട്ടികൊണ്ട് ബാബുവിന്റെ കാലിനിടയില്‍ കൂടി നടക്കുന്നു.
“ഇതേതാ ബാബു ഈ പട്ടി?”
“അറിയില്ല സാറേ”

“ആ അരിക്കട അണ്ണാച്ചി വന്നു വിളിച്ചിട്ട് ഇതു പോകാതെ നിക്കയാണ്”

“ഇന്നലെ രാവിലെ ഞാനിവിടിരുന്നു ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോ കയറി വന്നു. ഞാനൊരു ദോശ ഇട്ടു കൊടുത്തു, അതും തിന്നിട്ട് ഇവിടെ തന്നെ കൂടിയതാ” ബാബു അതിന്റെ തലയില്‍ തലോടികൊണ്ട് പറഞ്ഞു. “രാത്രി ഒറ്റൊക്കിരിക്കുവല്ലേ, ഇതും ഇവിടെ കിടക്കട്ടെന്ന് ഞാനും വിചാരിച്ചു”
അയാള്‍ വന്നതും ആ നായ് പോകാത്തതും ഒക്കെ ഞാന്‍ ബാബുവിനോട് പറഞ്ഞു.
“ആ പാവം തല്ലുകൊണ്ട ദ്വേഷ്യത്തിനു വീട്ടിന്ന് ഇറങ്ങി പട്ടിണിയായിട്ട് വന്നു കേറീതാ. എന്തായലും നന്നായ് ബാബുന് ഒരു കൂട്ടും ആയി. അതിനു കൊടുക്കാനാണോ ഈ പൊതി?”

“ആണ്, മോഹനന്റെ തട്ടുകടയില്‍ ബീഫ് ചാറൊഴിച്ചു  രണ്ടു ദോശ വാങ്ങി“



സാമാന്യം നന്നായിട്ട് മദ്യപിക്കുന്ന കൂട്ടത്തിലാ ബാബു. ആ സൈറ്റിനു പുറകിലായ് തന്നെ ഉള്ള കോളനിയില്‍ തന്നെയാണ് താമസം.സ്ഥലത്തെ പ്രധാന ചുമട്ടു തൊഴിലാളിയായ ബാബു ചുമടെടുത്ത് നടന്നതു കൊണ്ടാണോ അതോ മറ്റുവല്ല കരണങ്ങളാലാണോ എന്ന് അറിയില്ല ആളൊരല്‍പ്പം കൂനിക്കൂടി ചോദ്യചിഹ്നംപ്പോലയാണ് നില്പും നടത്തവും ഒക്കെ.
 അവിടത്തെ ലോക്കല്‍ ആള്‍ക്കാര്‍ തന്നെയാവുമ്പോള്‍ വേറെ ആരും അവിടേക്ക് അധികം അടുക്കില്ല എന്ന ധാരണയില്‍ ബാബുവിനെ തന്നെ കാവല്‍ക്കരനാക്കി.കള്ളനെ തന്നെ താക്കോല്‍ ഏല്‍പ്പിക്കുന്നതു പോലൊരു ഏര്‍പ്പാട്.  ഇനിപ്പോ ബാബു അല്പം മിനുങ്ങീട്ട് കിടന്നാലും ഒരാളായല്ലോ! അല്പം ആശ്വാസത്തോടെ ഞാന്‍ അവിടിന്നും ഇറങ്ങി.

1 അഭിപ്രായം:

SIVANANDG പറഞ്ഞു...

“സ്നേഹം പകര്‍ന്നു കൊടുക്കാനുള്ളതാണ് അതു നിഷേധിക്കപ്പെടുമ്പോള്‍ നോവുന്നത് മനസും“

Related Posts Plugin for WordPress, Blogger...