**നൂറ് രൂപ**
രാവിലെ 10.05 ന് ഓഫീസിലെത്തി ഹാജർബുക്കിൽ ഒപ്പിടുമ്പോൾ ധാമോദർ മാനേജരെ ഒന്നു ഒളികണ്ണിട്ടു നോക്കി. അത്ഭുതം ആ മുഖത്ത് ചിരി, കണ്ടിട്ട് വിശ്വാസമായില്ല. നഗരത്തിലെ പ്രമുഖ ഉപഭോഗൃത സർവീസ് സെൻ്ററിലെ സീനിയർ ടെക്നീഷ്യനായ ധാമോദർ വന്നിട്ട് അഞ്ച് വർഷം പിന്നിടുന്ന ദിവസമാണിന്ന് ഇതിനിടയിൽ 3 മാനേജർമാരെ മാനേജ് ചെയ്തു കഴിഞ്ഞിരുന്നു ' മൂന്നാമത്തെ ആളായ ലക്ഷ്മി നരസിംഹം എന്ന തനി അയ്യങ്കാർ മാനേജരെ കൈകാര്യം ചെയ്യാൻ നന്നായി വിയർക്കേണ്ടിവന്നു.
കൃത്യം 9.30 നു തന്നെ ഓഫീസിലെത്തി ഒപ്പിട്ട് കസേരയിൽ ഇരിപ്പുറപ്പിക്കുന്ന ലക്ഷ്മി നരസിംഹം അപ്പോൾ സാക്ഷാൽ ലക്ഷ്മി ദേവിയെ പോലെ സുസ്മേര വരദനായി ഭക്തിപുരസരം കാണപ്പെടും എന്നാൽ 10 മണി ക്ലോക്കിലെ സൂചികൾ കാണിച്ചാൽ പിന്നെ യഥാർത്ഥ നരസിംഹമായി മാറും. അന്നത്തെ ടാർഗറ്റ് നിശ്ചയിക്കലും റൂട്ട് നിശ്ചയിക്കലും എന്നു വേണ്ട ആവശ്യമുള്ള സ്പെയറുകൾ നുള്ളിപ്പെറുക്കി തയ്യാറാവുന്നതു വരെ അണുകിട തെറ്റാതെ കർക്കശക്കാരൻ.
"ഇന്നെന്താ സാമി ഒരു സന്തോഷം"
തനിക്കുള്ള ജോബ് കാർഡ് തിരയുന്നതിനിടയിൽ ധാമോദർ മെല്ലെ സംഭാഷണം ആരംഭിച്ചു.
ഇന്ന് നിൻ്റെ അഞ്ചാം വാർഷികമല്ലേ !
എൻ്റെയോ ? എൻ്റെ സാമീ ഞാനിവിടെ ജീവനോടുണ്ട്.
അതല്ലടോ ദാമുസ്, നീ യിവിടെ കൂടിയിട്ട് ഇന്നേക്ക് 5 വർഷമായി.
ദാമോഡർ വീണ്ടും അത്ഭുതപ്പെട്ടു മലച്ചു നിന്നു.
ഞാൻ നിൻ്റെ ബയോഡാറ്റാ നോക്കിയതാ സാമി സസ്പെൻസ് ഉടച്ചു.
താങ്ക്യു സാമി ഞാൻ പോലും മറന്നു പോയി
ദാമോദർ ഓർമ്മകളിലേക്ക് മറിഞ്ഞു വീണു.
************
പഠനം കഴിഞ്ഞ് ഒരു ജോലിയ്ക്കായുള്ള തിരച്ചിനിടയിലാണ് ദാമോധർ ആ പത്രപരസ്യം കണ്ടത്. ആഖോള ബ്രാൻ്റ് ഭീമനായ ഫിലിപ്സ് കമ്പനിയുടെ അംഗീകൃത സർവീസ് സെൻ്ററിലേയ്ക്ക് ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്. ടെലിവിഷനുകൾ നന്നാക്കുവാനുള്ള പരിചയവും, ഇരുചക്ര വാഹനവും അത് ഓടിക്കാനുള്ള ലൈസൻസും ഇതാണ് യോഗ്യത. പഠിക്കുന്ന സമയത്ത് ഒരു ടെലിവിഷൻ പൊളിച്ചിട്ടത് കൈമുതലായി ഉണ്ട്. ഇരു ചക്രം ഓടിക്കാനുള്ള പുസ്തകവും ഉണ്ട്, വാഹനം മാത്രം ഇല്ല. എന്നാലും ഒന്നു വിളിച്ചു നോക്കാം എന്ന് തീരുമാനിച്ചു പരസ്യത്തിൽ കണ്ട നമ്പരിൽ വിളിച്ചു. വിവരങ്ങൾ പറഞ്ഞു. വാഹനം ഇല്ലാത്തത് ഒരു വിഷയമാക്കണ്ട നാളെ തന്നെ ഇങ്ങ് 10 മണിക്ക് പോര് എന്ന മറുപടിയാണ് കിട്ടിയത്.
രാവിലെ തന്നെ ഒരുങ്ങി തൻ്റെ പണിയായുധങ്ങൾ ഒന്നു കൂടി നോക്കി ദാമോധർ.
മൾട്ടി സ്ക്രൂഡ്രൈവർ സെറ്റ് - 1
സോൾഡറിംഗ് അയൺ 1
ചെറുതു വലുതുമായ പ്ലെയർസ് 3 - 4 എണ്ണം
ഫ്ലക്സ് ടപ്പ് - 1
സോൾഡർ - ഒരു കോയിൽ
ഡിസോൾഡർ പമ്പ് 2
കത്തി, ബ്ലേഡ്,
ഓരോ സാധനവും പൊളിച്ചു പണിഞ്ഞു പഠിച്ചു മിച്ചം വന്ന സ്ക്രൂ, വാഷറുകൾ ഇട്ട ടപ്പ ഒന്ന്
ഇത്യാദി ജാവര ജംഗമ വസ്തുക്കൾ വയ്ക്കാൻ ഒരു ലതർബാഗും.
കൃത്യം 10 മണിക്ക് തന്നെ നഗരത്തിൻ്റെ തിരക്കിലും ദാമോധർ ആ ഇരുനില വീടിൻ്റെ മുന്നിലെത്തി. പ്രധാന റോഡിൽ നിന്നും ഉള്ളിലാണ് വീടെങ്കിലും വഴിയിലുടനീളം ടെലിവിഷൻ പെട്ടിയുടെ പരസ്യ ബോർഡ് വഴി കാട്ടി.
***********
സുമുഖനായ ആ സ്ഥാപനത്തിലെ മുതലാളി വളരെ സന്തോഷത്തോടെ ധാമോധരനിന് സ്വീകരിച്ചു. ഇന്നു മുതൽ നീ അപ്പി ആണടാ അപ്പി - അപ്രൻ്റീസിൻ്റെ ചുരുക്ക മാണാത്രെ !
പരിചയപ്പെടലുകൾക്കു ശേഷം അവിടത്ത ഏറ്റവും സീനിയറായ ടെക്നീഷ്യനോടു മുതലാളി പറഞ്ഞു
"ഡേവിഡേ ഇന്ന് നീ ഇയാളെ കൂട്ടിക്കോ കുറെ നാളായിലേ ഒരു അസിസ്റ്റൻ്റ് ചോദിക്കുന്നു നീ "
കാത്തിരുന്ന പാക്കേജ് കിട്ടിയ സന്തോഷം ഡേവിഡിൻ്റെ മുഖത്ത് പ്രതിഫലിച്ചു. നഗരത്തിൽ നിന്നും കുറച്ചകലെയായി തീരദേശ പ്രദേശത്താണ് ആദ്യ ദൗത്യം. ആകാശത്തെ നക്ഷത്രങ്ങളും അവയ്ക്കിടയി പറന്നു പോകുന്ന വിമാനങ്ങളും കണ്ട് മാനം നോക്കി നിന്ന കാലം ധാമോധർ ഓർത്തു ഇന്ന് വിമാനത്താവളവും റയിൽവേ ലൈനും പരസ്പരം മുഖനോക്കി മധ്യത്തിലെ റോഡിലൂടെ യാത്ര ആസ്വദിക്കാൻ കഴിഞ്ഞു. മറ്റൊരു വിസ്മയം ആദ്യമായി റോക്കറ്റു പറത്തിയ വേളി കടപ്പുറവും.
നിണ്ട യാത്രക്ക് ശേഷം ഡേവിഡ് വണ്ടി ഒരിടത്തെത്തിയതും ഓരം പറ്റി നിർത്തി. നിരത്തിനു ഒരുവശം കടലും മറുവശം കായലും പ്രകൃതി അറിഞ്ഞു സൃഷ്ടിച്ച മാസ്മരികത. വെയിൽ കനത്തു തുടങ്ങി.
സ്ഥലം മാറിയോ ഡേവിഡിനു സംശയമായി കടൽ തീരത്ത് ഒറ്റപെട്ട തെങ്ങിൽ ചുവട്ടിൽ ചില രൂപങ്ങൾ കണ്ട് റോഡിൽ നിന്നും താഴേക്കിറങ്ങി മണൽ പരപ്പിലൂടെ തെന്നി തെന്നി അവർക്കടുത്തെത്തി . അതികായകന്മാരായ അഞ്ചു പേർ വട്ടം കൂട്ടിയിരുന്നു ചീട്ടു കളിക്കുന്നു.
ചേട്ടാ കത്രീനാമ്മടെ വീട്ടറിയുമോ?
കാതിൽ കൊച്ചങ്ങ ആഭരണം തൂക്കി തലയിൽ പച്ചോല കിരീടം വച്ച തടിയൻ തല പോലും അനക്കാതെ വലതുവശത്തേക്കു കൈ ചൂണ്ടി. അവിടെ കുറച്ച് അകലയായി കുറെ വീടുകൾ കാണം ഓലപ്പുരകൾ തോണി തുഴയും പോലെ സർവീസ് ബോക്സും തൂക്കി ഡേവിഡും ദാമധറും കാലുകൾ വലിച്ചു വലിച്ചു കുടിൽ കണ്ട ഭാഗത്തേക്ക് പോയി.
മൂന്നുവർഷം മാത്രം പഴക്കമായ ആ കറുപ്പു വെള്ളTV തട്ടിയും മുട്ടിയും കേട് തീർത്ത് അതിൽ കറുത്ത കുത്തുകൾ വെളുത്തതിൽ വീഴുന്നുവോ അല്ല വെളുത്ത കുത്തുകൾ കറുപ്പിൽ വീഴുന്നുവോ എന്ന് തിരിച്ചറിയാനാകാത്ത വിധം എരിപൊരി കൊണ്ട് മുരണ്ടു.
ഏതാണ്ട് 60 വയസ്സു കഴിഞ്ഞ കാതീനമ്മ കുരുശി വരച്ചു ദൈവ വചനം ചൊല്ലി.
കർത്താവിനു സ്തുതി.!
പത്ത് പതിനഞ്ചു ദിവസമായി ഇവൻ ചത്തിരിപ്പായിരുന്നു.
വല്യ ഉപകാരം മക്കളെ
അവർക്ക് എന്തന്നില്ലാത്ത ആനന്ദം. കടൽത്തിരകളിൽ കളഞ്ഞു പോയ എന്തോ ഒന്ന് കടൽ തിരികെ കൊടുത്ത സന്തോഷം -
പണിയായുധങ്ങൾ എല്ലാം വാരിപ്പെറുക്കി പെട്ടിയിലാക്കി പുറത്തേയ്ക്കിറങ്ങിയ ഇരുവരേയും നോക്കി നന്ദിയോടെ കത്രീനാമ്മ കൈനീട്ടി. ചുരുട്ടി പ്പിടിച്ചു കൈപ്പത്തിക്കുള്ളിൽ നിന്നും നൂറിൻ്റെ ഒരു നോട്ട് എത്തി നോക്കി.
കസ്റ്റമറുടെ കൈയ്യിൽ നിന്നും ഒരു പാരിധോഷികവും വാങ്ങരുതെന്നാണ് നിയമം. എന്നാലും ചില ആളുകൾ നിർബന്ധിച്ച് പത്തോ ഇരുപതോ ഒക്കെ തരാറുണ്ട്. ഡേവിഡിനു പക്ഷെ ഇതു വാങ്ങാൻ തോന്നിയില്ല പല വമ്പന്മാരും ഇരുന്ന കസേരയിൽ നിന്നും ഇളകാതെ TV ചൂണ്ടിക്കാട്ടി തൻ്റെ പണിയിൽ ശ്രദ്ധിക്കാതെ ഇരിക്കും. ശരിയായി സർ എന്നു പറയുമ്പോൾ
ങ്ങാ ആയോ ! എന്നാ ശരി
എന്നും പറഞ്ഞു പോകുന്നവരാണ്.
ഇവിടെ ഓരോ മിനിട്ടിലും വെള്ളം വേണോ എന്തെങ്കിലും കഴിക്കാൻ എടുക്കട്ടെ മോനെ എന്നൊക്കെ ഒരു അമ്മയെ പ്പോലെ ചോദിച്ചു സ്നേഹിക്കുന്ന മനസ്സ്.
അമ്മ ഞങ്ങൾക്ക് കമ്പനി പൈസ തരും വേറൊന്നും വേണ്ട
ചിരിച്ചു കൊണ്ടു ഡേവിഡ് പറഞ്ഞു.
അതു പറ്റില്ല മോനേ' ഇത്രേം ദൂരം വന്നതല്ലേ നല്ല വെയിലുണ്ട് എൻ്റെ മോനും ഇതുപോലെന്തോ പണിയെന്നാ അവൻ പറഞ്ഞത് മരുഭൂമിയിലുടെ ഒക്കെ പോണതെ
അവർ മകൻ്റെ അടുത്തേയ്ക്കു എത്തിയ പോലെ
ഇല്ലമ്മച്ചി ഇത് അമ്മ വച്ചോളു ഞങ്ങൾക്ക് കമ്പനി തരും.
ഇതും പറഞ്ഞ് ദാമോധ റുടെ കൈപിടിച്ച് വലിച്ചു കൊണ്ട് ഡേവിഡ് മുന്നേ നടന്നു.
കുറച്ചു ദൂരം നടന്നപ്പോൾ പിറകിൽ നിന്നും അവരുടെ ഒച്ച കേട്ടു
ഡാ പീറ്ററെ അവരെ പിടിക്ക് അവർ പോണൂ
അതുകേട്ട് ചീട്ടുകളിനിർത്തി പീറ്ററും കൂട്ടരും തല ഉയർത്തി.
ടാ അപ്പി നിൻ്റെ കന്നി സർവ്വീസ് തന്നെ കൊള്ളാം തുഴയെറിയണ മുക്കുവരുടെ കൈയ്ക്ക് നല്ല ഉശിരാ
ഓടിക്കോടാ
എന്നും പറഞ്ഞ് ഒറ്റ ഓട്ടം
ആ കടൽത്തീരത്തെ മണലിലൂടെ സാഹസപ്പെട്ട് ഓടിയണഞ്ഞ് സ്കൂട്ടറിൽ കയറി അത് സ്റ്റാർട്ട് ചെയ്തു.
ഇവിടെ വെയിലിൽ കരുവാട് പോലെ ഉപേക്ഷിച്ചു പോയതിൻ്റെ ചൊരുക്കിൽ സ്കൂട്ടർ പിണങ്ങി.
ഒന്നു കൂടി സർവ്വ ശക്തിയുമെടുത്ത് ആഞ്ഞു ചവുട്ടി. വല്ലാത്തൊരു മുരൾച്ചയോടെ അത് സ്റ്റാർട്ടായി പക്ഷെ കനഞ്ഞ കറുത്ത കരങ്ങൾ െ ഹാൻഡിലിൽ പതിഞ്ഞു.
അങ്ങനങ്ങ് പോയാലോ?
പീറ്റർ തൻ്റ പരുക്കൻ സ്വരത്തിൽ ചോദിച്ചു
അത് പിന്നെ......... ഞങ്ങൾ ..........
ദാമോധറിൻെ തൊണ്ട വരണ്ടു
കൈകൾ വിറച്ചു ........
ആദ്യ ദിനം എന്തു ശകുനമാണോ എൻ്റെ ദൈവമേ!
ഡേവിഡിൻ്റെ ശരീരം വിയർത്തൊഴുകി..
നനഞ്ഞൊട്ടിയ ഷർട്ടിൻ്റെ പോക്കറ്റിലേക്ക് നൂറ് രൂപ തിരുകി കയറ്റി അടുത്തൊരാൾ പറഞ്ഞു
ങാ ന്നാ പൊയ്ക്കോ !
നൂറ് രൂപയ്ക്കൊപ്പം തിരിച്ചു കിട്ടിയ ശ്വാസം ആഞ്ഞു വലിച്ചു ഡേവിഡ് സ്കൂട്ടർ പറപ്പിച്ചു. പുറകിലിരുന്നു ദാമോധർ അപ്പോഴും വിറയ്ക്കുകയായിരുന്നു.
എന്തൊരു മനുഷ്യരാണിവർ .........